തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിലെ മൂന്നാം ഏകദിനത്തിലും ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സര പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തി.
ഇന്നലെ മഴമൂലം 30 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യൻ യുവനിരയുടെ വിജയാരവം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ-30 ഓവറിൽ 207/8 എന്ന ലക്ഷ്യമുയർത്തിയപ്പോൾ ഇന്ത്യ 13 പന്തുകളും നാല് വിക്കറ്റുകളും ശേഷിക്കവേ വിജയത്തിലെത്തുകയായിരുന്നു. 59 പന്തുകളിൽ മൂന്ന് ഫോറുകളും അഞ്ച് സിക്സുകളുമടക്കം 81 റൺസടിച്ചു കൂട്ടിയ ഇന്ത്യ എ നായകൻ മനീഷ് പാണ്ഡേയാണ് മാൻ ഒഫ് ദ മാച്ച്. 28 പന്തുകളിൽ 45 റൺസടിച്ച ശിവം ദുബെയും 41 പന്തിൽ 40 റൺസ് നേടിയ ഇശാൻ കിഷനും ഇന്ത്യൻ ചേസിംഗിൽ തിളങ്ങി.
മഴത്തുടക്കം
തലേരാത്രി പെയ്ത മഴയെത്തുടർന്ന് ഇന്നലെയും കൃത്യസമയത്ത് കളി തുടങ്ങാനായില്ല. ആദ്യ ഏകദിനും 47 ഓവറും രണ്ടാം ഏകദിനം 21 ഓവറുമായിരുന്നുവെങ്കിൽ ഇന്നലെ 12 മണിയോടെ കളിയാരംഭിച്ചപ്പോൾ 30 ഓവറായിച്ചുരുക്കി.
ആദ്യ ബാറ്റിംഗിനിറങ്ങിയ ഓപ്പണർ മലാൻ (37) തുടക്കം മുതൽ സ്ട്രോക്കുകൾ ഉതിർത്തെങ്കിലും അഞ്ചാം ഓവറിൽ ടീം സ്കോർ 28ൽ നിൽക്കെ റീസ ഹെൻട്രിക്സിനെ (9) പുറത്താക്കി ദീപക് ചഹർ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് നൽകി. തുടർന്ന് ബ്രീസ് കെ (36), ബൗമ (27), സോണ്ടോ (21) എന്നിവരിലൂടെ ദക്ഷിണാഫ്രിക്ക പതിയെ സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞത് കളിയുടെ ഗതി നിയന്ത്രിച്ചു.
11-ാം ഓവറിൽ ബൗളിംഗിനിറങ്ങിയ ക്രുനാൽ പാണ്ഡ്യ മലാനെ മടക്കി അയച്ചു. 15-ാം ഓവറിൽ ബ്രീസ്കെ റൺ ഔട്ടായി. 23-ാം ഓവറിൽ ചഹൽ സോണ്ടോയെ ദുബെയുടെ കൈയിലെത്തിച്ചു. 24-ാം ഓവറിൽ ബൗമയെ ക്രുനാലിന്റെ ബൗളിംഗിൽ ഇശാൽ സ്റ്റംപ് ചെയ്തതോടെ ദക്ഷിണാഫ്രിക്ക എ 135/5 എന്ന നിലയിലായി.
ക്ളാസൻ ക്ളാസിക്
തുടർന്നുള്ള 41 പന്തുകളിൽ നിന്ന് 72 റൺസ് തേടി 207 ലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തു നൽകിയത് പരിചയ സമ്പന്നരായ കീപ്പർ ഹെൻറിച്ച് ക്ളാസനും (44) കഴിഞ്ഞ കളിയിലെ വെടിക്കെട്ട് താരം ലിൻഡെയും (17) ചേർന്നാണ്. 21 പന്തുകൾ നേരിട്ട ക്ളാസൻ രണ്ട് ഫോറുകളും നാല് സിക്സുകളും പറത്തി. 28-ാം ഓവറിലാണ് ക്ളാസനെ ചഹർ പുറത്താക്കുന്നത്. തുടർന്ന് ലിൻഡെ ജൂനിയർ ഡാല (1) എന്നിവർ കൂടി മടങ്ങി.
പതറിയ മറുപടി
208 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ തുടക്കം പതർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ അഞ്ച് റൺസ് മാത്രമുള്ളപ്പോൾ ഋതുഗെയ്ക്ക്വദിനെയും (1), റിക്കിഭായിയെയും (0) ഇന്ത്യയ്ക്ക് നഷ്ടമായി. 5/2 എന്ന നിലയിൽ ക്രുനാൽപാണ്ഡ്യയെ (13) സ്ഥാനക്കയറ്റം നൽകിയ അയച്ചതും ഫലമുണ്ടായില്ല. ടിംസ്കോർ 26ൽ വച്ച് ക്രുനാലും മടങ്ങി. ഋതുവിനെയും റിക്കിഭുയിയെയും നോർജേയാണ് മടക്കിയത്. ക്രുനാലിനെ ഡാലയും.
മനീഷ് - ഇശാൻ കൂട്ടുകെട്ട്
26/3ൽ ഏഴാം ഓവറിൽ ക്രീസിൽ ഒരുമിച്ച മനീഷ് പാണ്ഡ്യയും (81) ഇശാൻ കിഷനുമാണ് (40) ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 70 റൺസ്. 15-ാം ഓവറിൽ ഇശാന് പകരമെത്തിയ നിതീഷ് റാണ (13) മടങ്ങിയപ്പോൾ ശിവം ഒബെ (45) കളത്തിലിറങ്ങി. ഇതോടെ ഇന്ത്യ വിജയ വഴിയിലേക്ക് നീങ്ങി. 41 റൺസ് ദുബെയ്ക്കൊപ്പം കൂട്ടിച്ചേർത്തശേഷം അനാവശ്യ ഷോട്ടിലൂടെ പുറത്തായ മനീഷ് പാണ്ഡെ നിരാശനായി മടങ്ങിയശേഷം അക്സർ പട്ടേലിനെ (7) കൂട്ടുനിറുത്തി. ദുബെ വിജയത്തിലെത്തിച്ചു.രണ്ട് ഫോറുകളും മൂന്ന് സിക്സുകളും പായിച്ചാണ് ദുബെ റൺറേറ്റുയർത്തിയത്.
133
പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് മനീഷ് പാണ്ഡെ നേടിക്കഴിഞ്ഞ റൺസ്.
മനീഷ് പാണ്ഡെ
59 പന്തുകൾ
3 ഫോർ
5 സിക്സ്
81 റൺസ്
70 റൺസാണ് ഇശാൻ കിഷനും മനീഷ് പാണ്ഡെയും കൂട്ടിച്ചേർത്ത്.
41 റൺസ് മനീഷും ശിവം ദുബെയും കൂട്ടിച്ചേർത്തു.
നാലാം ഏകദിനം നാളെ, ധവാനും സഞ്ജുവും ടീമിൽ
l ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും എ ടീമുകൾ തമ്മിലുള്ള നാലാം ഏകദിനം നാളെ കാര്യവട്ടത്ത് നടക്കും.
l ശ്രേയസ് അയ്യരാണ് ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക.
l ശിഖർ ധവാൻ, സഞ്ജു സാംസൺ എന്നിവർ ഈ മത്സരത്തിൽ കളിക്കും.