നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് പ്രീക്വാർട്ടറിൽ പരിക്കേറ്റ് പിന്മാറി
ഫെഡറർ, സെറീന, സ്വിറ്റോളിന, വാവ്‌റിങ്ക ക്വാർട്ടറിൽ.
അഷ്‌ലി ബാർട്ടിയും കരോളിന പ്ളിസ്കോവയും പുറത്ത്.
ന്യൂയോർക്ക്
കഴിഞ്ഞ അഞ്ച് ഗ്രാൻസ്ളാം ഫൈനലുകളിൽ നാലും നേടിയിരുന്ന സെർബിയൻ ഒന്നാം റാങ്കുകാരൻ നൊവാക്ക് ജോക്കോവിച്ചിന്റെ യു.എസ് ഓപ്പൺ കിരീടത്തുടർച്ചാമോഹങ്ങൾക്ക് പരിക്കിന്റെ തിരിച്ചടി. യു.എസ് ഓപ്പണിലെ നിലവിലെ ചാമ്പ്യനായ നൊവാക്ക് ഇന്നലെ സ്വിസ് താരം സ്റ്റാൻസിലസ് വാവ്‌റിങ്കയ്ക്കെതിരായ പ്രീക്വാർട്ടർ ഫൈനലിനിടെ തോളിലെ വേദന കാരണം കളിക്കാനാകാതെ കളംവിടുകയായിരുന്നു. 4-6, 5-7,1-2 എന്ന സ്കോറിൽ ആദ്യ രണ്ട് സെറ്റുകൾ കൈവിടുകയും മൂന്നാംസെറ്റിൽ ഒരു പോയിന്റിന് പിന്നിട്ട് നിൽക്കുകയും ചെയ്യവേയാണ് നെവാക്ക് കളി മതിയാക്കി മടങ്ങിയത്.
രണ്ടാം സെറ്റിന് ശേഷമാണ് തോളിലെ വേദന കടുത്തത്. തന്റെ ട്രെയിനറിൽ നിന്ന് പ്രാഥമിക ശുശ്രൂഷ നേടിയശേഷം മൂന്നാം സെറ്റിയിറങ്ങിയ നൊവാക്ക് പക്ഷേ, വൈകാതെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. രണ്ടാം റൗണ്ട് മത്സരത്തിനിടെയും തോളിലെ പരിക്ക് പ്രശ്നമായിരുന്നു. എന്നാൽ, അന്ന് അത് വകവയ്ക്കാതെ കളിക്കുകയായിരുന്നു.
പുരുഷ സിംഗിൾസിൽ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യൻ റോജർ ഫെഡറർ വിജയം നേടി. ബെൽജിയൻ താരം ഡീഗോ ഗോഡിനെ 6-2, 6-2, 6-0 ത്തിന് തകർത്താണ് ഫെഡറർ അവസാന എട്ടിലേക്ക് കടന്നത്. ക്വാർട്ടറിൽ ഡാനിൽ മെദ്‌വദേവാണ് ഫെഡററുടെ എതിരാളി. കോയ്പ്ഫറിനെ 3-6, 6-3, 6-2, 7-6 നാണ് ഇദ്‌വദേവ് പ്രീക്വാർട്ടറിൽ തകർത്തത്.
വനിതാവിഭാഗത്തിൽ കാൽക്കുഴയിലെ പരിക്കിനെ അതിജീവിച്ച് സെറീന വില്യംസ് ക്വാർട്ടറിലെത്തി. പെട്ര മാർട്ടിക്കിനെ 6-3, 6-4നാണ് സെറീന പ്രീക്വാർട്ടറിൽ കീഴടക്കിയത്. മാഡിസൺ കെയ്സിനെ 7-5, 6-4ന് തോൽപ്പിച്ച് സ്വിറ്റോലിള ക്വാർട്ടറിലെത്തി. അതേസമയം, രണ്ടാം സീഡും ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായ ആഷ്‌ലി ബാർട്ടി, മൂന്നാം സീഡ് കരോളിനപ്ളിസ്കോവ എന്നിവർ പ്രീക്വാർട്ടറിൽ പുറത്തായി. ചൈനീസ് താരം വാംഗ് 6-2, 6-4നാണ് ബാർട്ടിയെ അട്ടിമറിച്ചത്. 16-ാം സീഡ് യോഹന്ന കോണ്ടയാണ് പ്ളിസ്‌കോവയെ പുറത്താക്കിയത്.