anushma

പാറശാല: അവസാനമായി ഒരുനോക്കുകാണാൻ അനുഷ്‌മയുടെ വീട്ടിലെത്തിയ കൂട്ടുകാർക്ക് അവളുടെ ചേതനയറ്റ ശരീരം കണ്ടുനിൽക്കാനായില്ല. കഴിഞ്ഞദിവസം രാത്രിയാണ് ചെങ്കൽ മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടിൽ അനിൽകുമാർ - മെറ്റിൽഡ ദമ്പതികളുടെ മകളായ അനുഷ്‌മ പാമ്പുകടിയേറ്റ് മരിച്ചത്. പാറശാല ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അനുഷ്‌മയുടെ മരണം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തീരാദുഃഖത്തിലാഴ്‌ത്തി. കൂലിപ്പണിക്കാരായ അനിൽകുമാറിന്റെയും മെറ്റിൽഡയുടെയും ഇളയമകളാണ് അനു‌ഷ്‌മ. പണി പൂർത്തിയാകാത്ത വീട്ടിൽ തുണികൾ കൊണ്ട് മറച്ച ജനാലയുടെ അടുത്തായി മറ്റുള്ളവർക്കൊപ്പമാണ് അനുഷ്‌മ ഉറങ്ങാൻ കിടന്നത്. എന്തോ കടിച്ചെന്ന് തോന്നി നോക്കിയപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. അനുഷ്‌മ തന്നെയാണ് പാമ്പിനെ പുറത്തേക്ക് എടുത്തെറിഞ്ഞത്. പിന്നീട് മറ്റുള്ളവർ ചേർന്ന് പാമ്പിനെ അടിച്ചുകൊന്നു. ആദ്യം വിഷവൈദ്യന്റെ അടുത്ത് ചികിത്സ നടത്തിയ ശേഷം അനു‌ഷ്‌മയെ വീട്ടിലെത്തിച്ചു. എന്നാൽ വീണ്ടും ഛർദ്ദിച്ചതിനെ തുടർന്ന് അനു‌ഷ്‌മയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെ‌ഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് ആറോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.