കാട്ടാക്കട: ആളില്ലാത്ത വീട്ടിൽ മോഷണത്തിന് ശ്രമിച്ചയാളെ വീട്ടുടമയും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിന് കൈമാറി. നെയ്യാർഡാം നാക്കുമണ്ണടി മേലേ പുത്തൻ വീട്ടിൽ ഫ്രാൻസിസ് (50)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി അസ്വാഭാവിക ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ പരിശോധന നടത്തിയപ്പോൾ ആളില്ലാത്ത വീട്ടിലെ മുൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വീട്ടുടമ കുമാരൻ നാട്ടുകാരുമായി ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. മുൻവാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് രണ്ടാമത്തെ വാതിൽ പൊളിക്കുന്നതിനിടെയാണ് ശബ്ദം പുറത്തു കേട്ടത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന റബർഷീറ്റുകൾ ലക്ഷ്യം വച്ചാകാം ഫ്രാൻസിസ് എത്തിയതെന്ന് കരുതുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.