elmo

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് ഇനി കണ്ടും കേട്ടും സ്‌മാർട്ടായി പഠിക്കാം. ജപ്പാൻ ആസ്ഥാനമായ എൽമോ കമ്പനിയുടെ എൽമോ വിഷ്വലൈസർ എന്ന നവീന സാങ്കേതിക വിദ്യ കേരളത്തിലാദ്യമായി നടപ്പിലാക്കുന്നത് ശിശുക്ഷേമ സമിതിയിലാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച എൽമോ വിഷ്വലൈസർ ഇതിനോടകം തമിഴ്നാട്ടിലെ മൂവായിരത്തിലധികം സ്‌കൂളുകളിൽ കുട്ടികൾക്ക് കൂട്ടായി എത്തിയിട്ടുണ്ട്. ടേബിൾ ലാമ്പിന്റെ മാതൃകയിലുള്ള ഉപകരണമാണ് എൽമോ വിഷ്വലൈസർ. ഉപകരണത്തിനു താഴെയുള്ള പ്ലാറ്റ്‌ഫോമിലുള്ളവ മുകളിൽ ഘടിപ്പിച്ചിട്ടുള്ള കാമറയിലൂടെ ചുവരിലെ സ്‌ക്രീൻ വഴി വളരെ വ്യക്തമായും വലുതായും കാണാൻ കുട്ടികൾക്ക് കഴിയും. എത്ര ചെറിയ വസ്‌തുവും പരമാവധി വലുതാക്കി കാണിക്കാൻ കഴിയുമെന്നത് എൽമോയുടെ പ്രത്യേകതയാണ്. അംഗൻവാടി മുതൽ മെഡിക്കൽ - എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾക്കു വരെ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് എൽമോ ജപ്പാന്റെ ഏഷ്യൻ ഹെഡ് കസുകി മിവ പറഞ്ഞു. എൽമോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ആന്റണി, സി.ഇ.ഒ സ്റ്റീഫൻ, സംസ്ഥാനത്തെ വിതരണക്കാരൻ സെൽവകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക്കിന് എൽമോ കൈമാറി ഉദ്ഘാടനം നിർവഹിക്കും.