apakadam

തിരുവനന്തപുരം: ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി.സി ബസും കാറുകളും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 10.15ഓടെ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിനു സമീപമായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും ആലംകോട് ഭാഗത്ത് നിന്ന് ആറ്റിങ്ങലിലേക്ക് വന്ന സ്വിഫ്ടും വാഗണറുമാണ് കൂട്ടിയിടിച്ചത്. തടി ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് എതിർദിശയിൽ വന്ന വാഗണറുമായി കൂട്ടിയിടിച്ചു. ഇതിനിടെ വാഗണറിന്റെ തൊട്ടുപിന്നാലെയെത്തിയ സ്വിഫ്ട് നിയന്ത്രണം വിട്ട് വാഗണറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

വാഗണറിലെ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. അതേ വാഹനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരും പൊലിസും ഫയർഫോഴ്‌സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സ്വിഫ്ട് കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു. മരിച്ചവരുടെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വാഗണർ ആറ്റിങ്ങൽ രജിസ്ട്രേഷനിലും സ്വിഫ്ട് കാർ കൊല്ലം രജിസ്ട്രേഷനിലുമുള്ളതാണ്. കാറുകൾ അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.