തിരുവനന്തപുരം: ട്രഷറിയിൽ ആവശ്യത്തിന് പണമുണ്ടായിട്ടും പ്രളയബാധിതർക്ക് ധനസഹായം നൽകാത്തതെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ വീഴ്ചയിൽ പ്രതിഷേധിച്ചും പി.എസ്.സിയുടെ വിശ്വാസ്യത തകർത്തതിനെതിരെയും യു.ഡി.എഫ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവരെ സഹായിക്കാൻ ഒന്നും ചെയ്യാതിരുന്നത് സർക്കാരിന്റെ മനുഷ്യത്വമില്ലായ്മ കൊണ്ടാണ്. ദുരിതാശ്വാസത്തിനുള്ള കേന്ദ്രസഹായം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതു നേടിയെടുക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കുന്നുമില്ല. പി.എസ്.സി പരീക്ഷ അട്ടിമറിയിൽ നീതിപൂർവമായ അന്വേഷണമാണ് വേണ്ടത്. സത്യം പുറത്തുവരാൻ സി.ബി.ഐ അന്വേഷണമാണ് വേണ്ടത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഒരുവിധത്തിലും ശിക്ഷിക്കുന്ന നിലപാടുണ്ടാവരുത്. സി.പി.എമ്മിന് വേണ്ടപ്പെട്ടവർ പിടിക്കപ്പെട്ടപ്പോൾ, റാങ്ക് ലിസ്റ്റിലെ മറ്റുള്ളവർക്ക് നിയമനം തടയുന്നത് അംഗീകരിക്കാനാവില്ല. സർക്കാരിന് ഉപദേശകരുടെ ഒരു കൂട്ടമുണ്ട്. ഇത്രയും ഉപദേശകരെ വച്ചിട്ടും എന്ത് നേട്ടമുണ്ടായെന്ന് ജനങ്ങളോട് മുഖ്യമന്ത്രി വിശദീകരിക്കണം.- അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സിന്റെ അദ്ധ്യക്ഷതയിൽ ശശിതരൂർ എം.പി, എം.എൽ.എമാരായ എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കോൺഗ്രസ് നേതാക്കളായ തമ്പാനൂർ രവി, കരകുളം കൃഷ്ണപിള്ള, എൻ. ശക്തൻ, എൻ. പീതാംബരക്കുറുപ്പ്, പാലോട് രവി, ഘടകകക്ഷി നേതാക്കളായ ഷിബു ബേബിജോൺ, സി.പി. ജോൺ, ജി. ദേവരാജൻ, ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.