അയ്യങ്കാളിയും, വി.ജെ.ടി ഹാളും തമ്മിൽ അദൃശ്യമായ ഒരു ആത്മബന്ധമുണ്ട്. രാജഭരണകാലത്ത് ശ്രീമൂലം പ്രജാസഭ കൂടിയിരുന്നത് വി.ജെ.ടി ഹാളിൽ വച്ചായിരുന്നു. നിയമസഭ കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ പ്രസ്തുത ഹാളിൽ വച്ചായിരുന്നു 'സാധുജന പരിപാലന സംഘ"ത്തിന്റെ വാർഷിക പൊതുയോഗം കൂടിയിരുന്നത്. ആയിരത്തിലധികം ശാഖകളിൽ നിന്ന് ഘോഷയാത്രയായി ആളുകൾ ഹാളിൽ എത്തിച്ചേരും. ഘോഷയാത്രയിൽ ചെണ്ട, ചേങ്ങില, മുത്തുക്കുടകൾ, കൊടിതോരണങ്ങൾ ഒക്കെയുണ്ടാകും.
ഒരു ഉത്സവഛായ പരത്തിക്കൊണ്ടുള്ള ഈ ആഘോഷത്തിന് ഒരു ഔദ്യോഗിക പരിവേഷം ഉണ്ടായിരുന്നു. മഹാരാജാവിന്റെ പ്രതിനിധിയായി ദിവാനാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്. ചീഫ് സെക്രട്ടറി മുതൽ വകുപ്പു മേധാവി വരെയുള്ളവർ ഹാളിൽ ഹാജരായിരിക്കും.
ജനറൽ സെക്രട്ടറി എന്ന നിലയിൽ അയ്യങ്കാളിയാണ് എല്ലാവരെയും സ്വീകരിച്ചിരുത്തുന്നത്. പ്രാർത്ഥനാഗാനവും സ്വാഗതപ്രസംഗവും കഴിഞ്ഞാൽ അയ്യങ്കാളിയുടെ നിവേദനാരൂപത്തിലുള്ള പ്രസംഗം. അതിൽ തന്റെ സമുദായം അനുഭവിക്കുന്ന അവശതകൾ ഒന്നൊന്നായി അവതരിപ്പിക്കും. അതു കേട്ടുകൊണ്ടിരിക്കുന്ന അധികാരികൾ അപ്പോൾ തന്നെ പരിഹരിക്കുവാൻ പറ്റുന്നവ അപ്പോൾ തന്നെ പരിഹരിക്കും. ഉടൻ പരിഹരിക്കുവാൻ പറ്റാത്തവ ക്രോഡീകരിച്ച് മഹാരാജാവിന് സമർപ്പിക്കും. പുതിയ പേരു പറഞ്ഞാൽ ഒരുതരം 'അദാലത്ത്" ആയിരുന്നു അത്.
ഇങ്ങനെ തുടർച്ചയായി ഇരുപത്തിഅഞ്ചുവർഷം ഈ ഹാളിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗം നടന്നിട്ടുണ്ട്. അതുകൊണ്ടാണ് അയ്യങ്കാളിയും വി.ജെ.ടി ഹാളും തമ്മിൽ ഒരു ആത്മബന്ധം ഉണ്ടെന്നു പറഞ്ഞത്. ഈ ചരിത്രവസ്തുത മനസിലാക്കി ഈ ഹാളിന് അയ്യങ്കാളിയുടെ പേരു നൽകുവാൻ തീരുമാനമെടുത്ത സംസ്ഥാന സർക്കാരിന് പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ.
ഇ.കെ. മുരളീധരൻ
ജനറൽ സെക്രട്ടറി
കോൺഗ്രസ് - എസ്
(അയ്യങ്കാളിയുടെ ജീവചരിത്ര രചയിതാവാണ