2018 ആഗസ്റ്റിലെ പ്രളയകാലത്തുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച ഭൗമശാസ്ത്ര മന്ത്രാലയത്തിലെയും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെയും ശാസ്ത്രജ്ഞരുടെ ചില കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. കേരളത്തിലെ പശ്ചിമഘട്ട മേഖലയിൽ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലുകൾ ഭൂഗർഭ ജലവിതാനത്തിന്റെ ക്രമാതീതമായുണ്ടായ ഉയർച്ച മൂലമാണെന്ന് സംഘം കണ്ടെത്തി.
കഴിഞ്ഞ പ്രളയകാലത്ത് അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് ഘട്ടംഘട്ടമായി കുറയ്‌ക്കാതെ ഒരുമിച്ചു ഒഴുക്കിയത് പ്രദേശത്ത് ഭൂമിയിൽ വൻ ആഘാതം ഏല്‌പിച്ചു, മറ്റു ഭൗമപ്രതിഭാസങ്ങളുടെ ആക്കം കൂട്ടാൻ ഇത് കാരണമായി. മലയോരങ്ങളിൽ ചെങ്കുത്തായി മണ്ണെടുത്തു നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം മലകളുടെ ചെരുവിൽ മാറ്റം വന്നു. കൂടാതെ വെള്ളം നിർബാധം ഒഴുകിപ്പോകാൻ തടസം നേരിട്ടപ്പോൾ ഒഴുകിവന്ന ജലത്തിന്റെ കൂടുതൽ ഭാഗവും ഭൂമിയിലേക്ക് ഇറങ്ങിയത് അപകടങ്ങൾക്ക് കാരണമായി. പശ്ചിമ ഘട്ടത്തിലെ മണ്ണിന്റെ ഘടന പ്രത്യേകതയുള്ളതാണ്. മുകളിൽ മണ്ണിന്റെ ഒരു പാളിയും അതിന്റെ അടിയിൽ ചെളിയുടെ പാളിയും, ഇതിനു താഴെ പാറയുമാണുള്ളത്. കനത്ത മഴയിൽ കുത്തിയൊലിച്ചു വരുന്ന വെള്ളം ഒഴുകിപ്പോകാതെ ചില ഭാഗങ്ങളിൽ മണ്ണിലേക്കു തന്നെ ഇറങ്ങുന്നു
. അത് കാരണം ഭൂഗർഭജലം ഉയർന്ന് ചെളിയുടെ പാളിയെ മുഴുവനായി കുതിർത്ത് ഭൂമിയിൽ ഉറച്ചുനിൽക്കാൻ കഴിയാതെ മണ്ണിന്റെ ശേഷി നശിച്ച് ഭയാനകമായ രീതിയിൽ പുറന്തള്ളപ്പെടുന്നു. ഇതാണ് വിനാശകാരികളായ പല ഉരുൾപൊട്ടലുകൾക്കും കാരണമാകുന്നത്. പശ്ചിമ ഘട്ടത്തിൽ തിരുവനന്തപുരവും, കൊല്ലവുമൊഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഈ പ്രതിഭാസം കാണുന്നതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. വയനാട്ടിൽ ഭൂമി നിരങ്ങി നീങ്ങിയതും തൃശൂരിൽ ഭൂമിയിൽ നിന്ന് വെള്ളം ഉയർന്നുപൊങ്ങിയതും സമാനമായ സാഹചര്യങ്ങളിലാണ്.
നിലവിലുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടലുകൾ തടയാൻ സംവിധാനങ്ങളൊന്നുമില്ല.
ഇടയ്ക്കോട് കെ. മണികണ്ഠൻനായർ
നേമം