3

 സ്കൂൾ ബസ് കത്തിച്ചു  ഏഴ് ബസുകൾ അടിച്ചു തകർത്തു

വിഴിഞ്ഞം: കാഞ്ഞിരംകുളം മൗണ്ട് കാർമ്മൽ റസിഡൻഷ്യൽ സ്‌കൂളിന് നേരെ അജ്ഞാതരുടെ അക്രമം. സ്‌കൂൾ വളപ്പിൽ പാർക്ക് ചെയ്തിരുന്ന ഒരു ബസ് കത്തിക്കുകയും ഏഴ് ബസുകളുടെ ഗ്ലാസ് അടിച്ചുതകർക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ രണ്ടോടെ നടന്ന സംഭവം രാവിലെ 6.10 ഓടെ സ്കൂളിലെ ഡ്രൈവർ ബസ് എടുക്കാൻ വന്നപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരനെയും തുടർന്ന് കാഞ്ഞിരംകുളം പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. സ്കൂളിൽ പലയിടത്തായി ഇരുപതോളം സി.സി ടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയുടെ ദിശ മാറ്റിയ നിലയിലായതിനാൽ അക്രമികളുടെ പൂർണ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. സ്‌കൂളിലെ കാമറകളെക്കുറിച്ച് വ്യക്തമായ അറിവുള്ളവരായിരിക്കാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സ്കൂളിലെ ഡേ കേയറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന എ.സി ബസാണ് പൂർണമായും കത്തിനശിച്ചത്. ബസിന് അടിയിലേക്ക് ചെറിയ കുപ്പിയും ഇതിന് പിന്നാലെ ചെറിയ വിളക്കും എറിയുന്നതും രണ്ടുപേരുടെ കാലുകളും മാത്രമാണ് ആ ഭാഗത്തെ കാമറയിൽ പതിഞ്ഞിട്ടുള്ളത്. സ്‌കൂളിൽ പലയിടത്തായി പാർക്ക് ചെയ്തിരുന്ന 14 ബസുകളിൽ ഏഴെണ്ണത്തിന്റെ മുൻവശത്തെയും പിറകുവശത്തെയും ചില്ലുകളാണ് അടിച്ചു തകർത്തത്. സംഭവത്തെ തുടർന്ന് പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യം ബസ് കത്തിച്ചപ്പോൾ മഴ പെയ്തു തീയണഞ്ഞതിനെ തുടർന്ന് മഴ തോർന്ന ശേഷം വീണ്ടും കത്തിച്ചതായി സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അറിയാൻ കഴിഞ്ഞതായും രണ്ടു ദിവസത്തിനകം പ്രതികൾ വലയിലാകുമെന്നും നെയ്യാറ്റിൻകര ഡി.വൈ.എസ്.പി. അനിൽകുമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായി നടക്കുന്നുവെന്ന് കാഞ്ഞിരംകുളം സി.ഐ എസ്. ചന്ദ്രദാസ് പറഞ്ഞു. സംഭവത്തിനു പിന്നിലുള്ളവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിലെത്തിക്കണമെന്ന് സ്‌കൂൾ മാനേജർ ശാന്തകുമാരി ആവശ്യപ്പെട്ടു. അക്രമത്തെ തുടർന്ന് ഇന്നലെ സ്കൂളിന് അവധി നൽകിയിരുന്നു. ഇന്നലെ നടത്താനിരുന്ന ഒാണപരീക്ഷയും മാറ്റി വച്ചു. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തെളിവുകൾക്കായി സമീപപ്രദേശങ്ങളിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് എം.വിൻസെന്റ് എം.എൽ.എ സ്കൂൾ സന്ദർശിച്ചു.

അന്വേഷണത്തിന് സ്പെഷ്യൽ ടീം

മൗണ്ട് കാർമൽ റസിഡൻഷ്യൽ സ്കൂൾ ആക്രമണത്തിന്റെ അന്വേഷണത്തിന് ഷാഡോ പൊലീസ് അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുവെന്ന് നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അറിയിച്ചു.

ഫോട്ടോ: അജ്ഞാതർ കത്തിച്ച കാഞ്ഞിരംകുളം മൗണ്ട് കാർമൽ സ്കൂളിലെ ബസ്

2 ഫോട്ടോ :അജ്ഞാതർ ബസ് കത്തിച്ച കാഞ്ഞിരംകുളം മൗണ്ട് കാർമൽ സ്കൂളിൽ എം.വിൻസെന്റ് എം.എൽ.എ സന്ദർശിച്ചപ്പോൾ. സ്കൂൾ മാനേജർ ശാന്തകുമാരി സമീപം