ശരിതെറ്റുകളുടെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഏതൊരു സർക്കാരിന്റെയും മികവ് നിശ്ചയിക്കുന്നത്. അങ്ങനെ വരുമ്പോൾ പൊലീസ് ഭരണം നിഷ്കൃഷ്ടമായ വിലയിരുത്തലിനു വിധേയമാകുന്നത് സ്വാഭാവികം മാത്രം. സർക്കാരിനെ നല്ലതാക്കാനും ചീത്തയാക്കാനും പൊലീസിനെപ്പോലെ സാധിക്കുന്ന ഒരു വിഭാഗം സർക്കാർ സർവീസിൽ വേറെ കാണില്ല. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയൊരു തെറ്റുപോലും ഏറെ ചർച്ചയ്ക്കും വിമർശനത്തിനും ഇടയാക്കുന്നത് അതുകൊണ്ടാണ്. നിയമ സമാധാനം നിലനിറുത്താൻ ചുമതലയുള്ള പൊലീസ് തന്നെ നിയമം ലംഘിക്കാൻ തുടങ്ങിയാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. ജനങ്ങൾ സർക്കാരിനെതിരെ തിരിയാൻ ചിലപ്പോൾ അതുമതിയാകും. അതുകൊണ്ടാണ് കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ വാർഷികയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് ഒരിക്കലും വഴിവിട്ടു സഞ്ചരിക്കാൻ പാടില്ലെന്ന് സ്നേഹബുദ്ധ്യാ ഉപദേശിച്ചത്. പൊലീസുകാരും സമൂഹത്തിന്റെ ഭാഗമാകയാൽ തെറ്റുചെയ്യുന്നവരും അവരുടെ കൂട്ടത്തിലുണ്ടാകും. എന്നാൽ ചുമതല മറന്ന് തെറ്റിൽക്കൂടിയേ സഞ്ചരിക്കൂ എന്നു നിർബന്ധമുള്ളവർ സർവീസിൽ കാണുകയില്ലെന്ന മുന്നറിയിപ്പു നൽകാനും മുഖ്യമന്ത്രി മറന്നില്ല.
പ്രാഗല്ഭ്യവും കഴിവുമുള്ളവരാണ് കേരള പൊലീസിലുള്ളത്. പലവട്ടം അതു തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അതേസമയം സേനയുടെ അന്തസിനും പാരമ്പര്യത്തിനും നിരക്കാത്ത ചെയ്തികളുടെ പേരിൽ ധാരാളം പഴിയും ഇടയ്ക്കിടെ കേൾക്കേണ്ടി വരുന്നു. ശരി ചെയ്യുന്ന പൊലീസുകാർക്ക് സർക്കാരിന്റെ സംരക്ഷണം എപ്പോഴും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റു കാണിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയും ഉണ്ടാകുമെന്നും ഓർമ്മിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ പൂർണവിശ്വാസം ആർജിക്കും വിധം പൊലീസിന്റെ പ്രവർത്തനശൈലി മാറ്റിയെടുക്കണമെന്നും പറയാൻ എളുപ്പമാണ്. അതിനു വിരുദ്ധമായ പലതിനും സമൂഹം ഇടയ്ക്കിടെ സാക്ഷിയാകേണ്ടി വരുന്ന കാര്യം ഏവർക്കും അറിയാം. അതുകൊണ്ടാണ് തല്പര കക്ഷികൾ നയിക്കുന്ന വഴിയിലൂടെയല്ല, സത്യത്തിന്റെയും നീതിയുടെയും വഴിക്കുവേണം പൊലീസ് സഞ്ചരിക്കാനെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. തലസ്ഥാന നഗരിയിൽ സമീപകാലത്ത് യുവ ഐ.എ.എസ് ഓഫീസർ ഉൾപ്പെട്ട വാഹനാപകട കേസ് പരോക്ഷമായി പറഞ്ഞുകൊണ്ടാണ് പൊലീസിന്റെ അന്വേഷണബുദ്ധി അമ്പേ പരാജയപ്പെടുന്ന ചില സന്ദർഭങ്ങൾ അദ്ദേഹം എടുത്തുകാട്ടിയത്. സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെയാണ് ഈ സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടികൾ. മദ്യലഹരിയിൽ കാറോടിച്ചതാണ് അപകടം വരുത്തിയതെന്ന് ഏതു വഴിപോക്കനും അറിയാമെന്നിരിക്കെ യുവഉദ്യോഗസ്ഥനെ കൈയോടെ കൊണ്ടുപോയി പരിശോധിക്കാൻ പോലും അപകടരംഗത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല. ഉദ്യോഗസ്ഥനെ കേസിൽ നിന്നു മനഃപൂർവം രക്ഷപ്പെടുത്തുന്നതായിരുന്നു പൊലീസ്. തുടർന്ന് സ്വീകരിച്ച എല്ലാ അടവുകളും മേലുദ്യോഗസ്ഥരുടെ ആജ്ഞ അനുസരിക്കേണ്ടി വന്ന എസ്.ഐയും കീഴുദ്യോഗസ്ഥനും ഒടുവിൽ സസ്പെൻഷനിലുമായി. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ കേരള പൊലീസിന്റെ യശസിനെ വളരെയധികം കളങ്കപ്പെടുത്തിയ കേസാണിത്.
മുഖ്യമന്ത്രി ഇങ്ങനെ കുറ്റപ്പെടുത്തുമ്പോഴും ഈ വാഹനാപകട കേസിൽ വഴിവിട്ടു പ്രവർത്തിച്ച ഉന്നതന്മാർക്കെതിരെ ചെറുവിരലനക്കാൻ പോലും സർക്കാരിനു കഴിഞ്ഞില്ലെന്ന യാഥാർത്ഥ്യം അതേപടി ഇപ്പോഴും നിലനിൽക്കുകയാണ്. നിയമത്തിനു നിരക്കാത്ത ചെയ്തികൾക്കു മുതിരുന്നവർ എത്ര ഉന്നതരായാലും മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് പൊലീസ് സേനയെ ഉപദേശിക്കുന്നതിനൊപ്പം തന്നെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സേനയിലെ പുഴുക്കുത്തുകളെ നിലയ്ക്കു നിറുത്താനും കഴിയണം. വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ട ആയിരത്തോളം പേർ കൂടി അടങ്ങുന്നതാണ് കേരള പൊലീസ്. ക്രിമിനൽ വാസനയുള്ളവർ വേറെയും അനവധിയുണ്ട്. ലോക്കപ്പ് മർദ്ദനവും കള്ളക്കേസ് ചമയ്ക്കലും ഇന്നും നിർബാധം നടന്നുവരുന്നു. മൂന്നാംമുറ പാടില്ലെന്ന് സർക്കാരും കോടതിയുമൊക്കെ കർക്കശമായി നിർദ്ദേശിക്കുമ്പോഴും പല സ്റ്റേഷനുകളിലും നിർബാധം അവ നടന്നുവരുന്നു. കേസ് ഒതുക്കാനും കേസെടുപ്പിക്കാനും കൈക്കൂലി നൽകുന്ന സമ്പ്രദായത്തിനും വലിയ മാറ്റമുണ്ടായിട്ടില്ല.
പൊലീസുകാരിൽ നിന്നുതന്നെ ഉന്നതരിൽ നിന്നുള്ള പീഡന പരാതികളും വർദ്ധിച്ചു വരുന്നു. പീഡനവും ജോലിസമ്മർദ്ദവും കാരണം ആത്മഹത്യ തിരഞ്ഞെടുക്കുന്ന സേനാംഗങ്ങളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ വർദ്ധന അനുസരിച്ച് സേനാംഗങ്ങളുടെ സംഖ്യ വർദ്ധിപ്പിക്കാത്തതു കാരണം ജോലി ഭാരത്തെക്കുറിച്ച് പരാതിയില്ലാത്ത സേനാംഗങ്ങൾ കുറവായിരിക്കും. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും അന്തരീക്ഷവും ഏതൊരു തൊഴിലിനും അനുപേക്ഷണീയമാണ്. എട്ടുമണിക്കൂർ ജോലിക്കു വേണ്ടിയുള്ള പൊലീസ് സംഘടനയുടെ ചിരപുരാതനമായ ആവശ്യം ഇതുവരെ പൂർണമായി നടപ്പായിട്ടില്ല. പൊലീസ് അസോസിയേഷൻ ഈ സമ്മേളനത്തിലും 29 ആവശ്യങ്ങളടങ്ങുന്ന മെമ്മോറാണ്ടം മുഖ്യമന്ത്രിക്കു സമർപ്പിക്കുകയുണ്ടായി. ഇന്റലിജൻസ് വിഭാഗം പരിഷ്കരിക്കണമെന്നും പൊലീസ് സ്റ്റേഷൻ ഗ്രേഡിംഗ് സമ്പ്രദായം നടപ്പാക്കണമെന്നും സേനയുടെ അംഗബലം കൂട്ടണമെന്നും മെമ്മോറാണ്ടത്തിൽ ആവശ്യപ്പെടുന്നുണ്ട്. തൊഴിൽ സാഹചര്യങ്ങളിൽ തൃപ്തി പുലരേണ്ടത് പൊലീസ് സേനയെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമാണ്. ബുദ്ധികൊണ്ട് മികവു കാട്ടേണ്ടിടത്ത് മുഷ്ടി ചുരുട്ടേണ്ടി വരുന്നതിന്റെ പ്രധാന കാരണം തൊഴിലിനോടുള്ള തൃപ്തിക്കുറവു തന്നെയാകാം. അത് പരിഹരിക്കാനുള്ള വഴിയാണ് സർക്കാർ നോക്കേണ്ടത്.