തിരുവനന്തപുരം:പതിമ്മൂന്നുവർഷം വിജിലൻസ് അന്വേഷിച്ചിട്ടും തുമ്പുപോലും കണ്ടെത്താനാവാത്ത ട്രാവൻകൂർ ടൈറ്റാനിയത്തിലെ കൊടിയ അഴിമതിയുടെ നേരറിയുകയാണ് സി.ബി.ഐയുടെ ദൗത്യം. വിദേശകമ്പനികളുമായി ഒത്തുകളിച്ച് കോടികൾ കീശയിലാക്കിയ കേസിൽ, ഉദ്യോഗസ്ഥ മേലാളർക്കു പുറമെ ഇടത്-വലത് രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം അന്വേഷണം നേരിടേണ്ടിവരും.
1997
മലിനീകരണം പരിഹരിക്കാൻ ഇ.കെ.നായനാർ സർക്കാർ എ.ഡി ദാമോദരൻ സമിതിയെ നിയോഗിച്ചു.
2001
സമിതിയുടെ ശുപാർശപ്രകാരം 108.30കോടിയുടെ പദ്ധതിക്കായി ഇടതുസർക്കാർ ഉത്തരവിറക്കി.
2003ആഗസ്റ്റ്
സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി നടപ്പാക്കാനാവില്ലെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു.
2004ജൂൺ
യു.ഡി.എഫ് സർക്കാർ പദ്ധതി തള്ളി. വേറെപദ്ധതിയുണ്ടാക്കാൻ പൊതുമേഖലയിലെ മെക്കോണിനെ നിയോഗിച്ചു
2005
65ടണ്ണിന്റെ പ്ലാന്റോടെ, രണ്ടുഘട്ടങ്ങളിലായി 256.01കോടിയുടെ പദ്ധതി മെക്കോൺ തയ്യാറാക്കി
2006
മെക്കോണുമായി കരാറൊപ്പിട്ടു. അക്കാലത്ത് വിറ്റുവരവ് 120കോടി
2006
ഒക്ടോബർ 6. അഴിമതിയാരോപണം വിജിലൻസ് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്
2007
127കോടിയുടെ ആദ്യഘട്ടത്തിന് കേന്ദ്ര പാരിസ്ഥിതികാനുമതി
2007
പദ്ധതിയിൽ വൻ അഴിമതിയുമെന്ന് സി.എ.ജി റിപ്പോർട്ട്
2007
ചെലവ് 500 കോടി കവിയുമെന്ന കിറ്റ്കോ റിപ്പോർട്ടിനെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചു
2013
കോടികളുടെ നഷ്ടമുണ്ടായെങ്കിലും തെളിയിക്കാനായില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
2014
രാഷ്ട്രീയനേതൃത്വത്തെ ഒഴിവാക്കിയ 202പേജുള്ള റിപ്പോർട്ട് കോടതിതള്ളി.
2016
ഡി.ജി.പി ജേക്കബ്തോമസ് റെയ്ഡിൽ രേഖകൾ പിടിച്ചു. വിജിലൻസിൽ നിന്നൊഴിവാക്കി
2018
അന്വേഷണം ഇഴഞ്ഞു. കോടതിയോട് സാവകാശം തേടുന്നു
2019
അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ സർക്കാർ തീരുമാനം
വമ്പന്മാരുടെ റോൾ
ഉമ്മൻചാണ്ടി
പദ്ധതി നടപ്പാക്കാൻ താത്പര്യമറിയിച്ച് സുപ്രീംകോടതി നിരീക്ഷണസമിതി അദ്ധ്യക്ഷൻ ഡോ.ജി.ത്യാഗരാജന് 2005ഏപ്രിൽ 23നും 2006ജനുവരി 5നും കത്തെഴുതിയത് വിനയായി. മലിനീകരണനിയന്ത്രണ ബോർഡ് തൃപ്തി അറിയിച്ചെന്ന് രണ്ടാംകത്തിൽ. പക്ഷേ,12വൈകല്യങ്ങൾ ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് ഉമ്മൻചാണ്ടിയിൽ നിന്ന് മറച്ചുവച്ചെന്ന് സൂചന. കേസുകൊടുത്ത സി.ഐ.ടി.യു നേതാവ് ജയൻ ഉൾപ്പെടെയുള്ളവർ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് കത്തെഴുതിയതെന്ന് ഉമ്മൻചാണ്ടി. ഗൂഢാലോചനയിൽ ഉമ്മൻചാണ്ടിക്ക് പങ്കില്ലെന്ന ആദ്യനിലപാട് തിരുത്തിയ വിജിലൻസ്, ഉന്നതനേതാക്കളുടെ പങ്ക് അന്വേഷിക്കുന്നതായി കോടതിയെ അറിയിച്ചു.
എളമരംകരിം
2006ഒക്ടോബറിൽ വ്യവസായ മന്ത്റിയായിരുന്ന എളമരംകരിമാണ് പ്ലാന്റിന് തറക്കല്ലിട്ടത്. പിന്നാലെ ചെലവ് 414.4കോടിയാവുമെന്ന് മെക്കോൺ അറിയിച്ചു. പുനഃപരിശോധനയ്ക്ക് ആറ് കോടി ചെലവിൽ കിറ്റ്കോയെ നിയോഗിച്ചു. 2007 മാർച്ച് 31വരെ മെക്കോണിന്റെ കരാർ നീട്ടി. 2007ഒക്ടോബർ18ന് മാലിന്യ നിയന്ത്റണത്തിന് ആസിഡ് റിക്കവറിപ്ലാന്റ് മതിയെന്നും 256കോടിയുടെ പദ്ധതി 225കോടിയുടേതാക്കാനും തീരുമാനം. 32കോടിയുടെ ആസിഡ് പ്ലാന്റിന് 42കോടി അനുവദിച്ചെന്നും ആരോപണം. ചെലവ് 500കോടിയാവുമെന്ന കിറ്റ്കോ റിപ്പോർട്ടോടെ പദ്ധതി ഉപേക്ഷിച്ചു.
കെ.കെ.രാമചന്ദ്രൻ
പദ്ധതിക്കാലത്ത് പരിസ്ഥിതിവകുപ്പ് മന്ത്രി. മലിനീകരണ നിയന്ത്രണബോർഡിന്റെ എതിർപ്പുണ്ടായതോടെ, അദ്ദേഹത്തെ പരിസ്ഥിതിവകുപ്പിൽ നിന്നൊഴിവാക്കി 2006 മാർച്ചിൽ യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, എസ്.ബി.ടി വായ്പയെടുത്ത് മെക്കോണിന് 72കോടി നൽകി. ഉപകരാറെടുത്ത ചെന്നൈയിലെ വി. എ.ടെക്കിന് 32.08കോടിയും മെക്കോണിന്റെ പദ്ധതിക്ക് അവർക്കുതന്നെ കൺസൾട്ടൻസി ചാർജായി 5.56 കോടിയും നൽകി. കെ.കെ.രാമചന്ദ്രന്റെ മൊഴിയെടുത്ത വിജിലൻസ് അദ്ദേഹത്തെ സാക്ഷിയാക്കി.
120കോടി
ഇനിയും അടച്ചുതീർക്കേണ്ട ബാദ്ധ്യത
4ലക്ഷം
ദിവസേന വർദ്ധിക്കുന്ന ബാദ്ധ്യത