തിരുവനന്തപുരം: പുനലൂർ- മൂവാറ്രുപുഴ കെ.എസ്.ടി.പി പാതയിലെ പുനലൂർ-കോന്നി റീച്ചിന്റെ നിർമ്മാണ കരാർ പാലാരിവട്ടം പാലം നിർമ്മാണത്തിലൂടെ വിവാദത്തിൽപ്പെട്ട ആർ.ഡി.എസ് പ്രോജക്ട്സിന് നൽകരുതെന്ന് മന്ത്രി ജി. സുധാകരൻ ഫയലിൽ കുറിച്ചു. ചീഫ് സെക്രട്ടറി ചെയർമാനായ സ്റ്രിയറിംഗ് കമ്മിറ്റിയുടെ ഇന്ന് ചേരുന്ന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
വിവാദത്തിൽപ്പെട്ട നിർമ്മാണക്കമ്പനിയെ കരാറിൽ നിന്ന് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ലോകബാങ്കിനെ അറിയിച്ചിരുന്നു. എന്നാൽ, കമ്പനി കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാലും സംസ്ഥാന സർക്കാരിന്റെ നിബന്ധനകൾ ലോക ബാങ്ക് ധനസഹായം നൽകുന്ന പദ്ധതികൾക്ക് ബാധകമല്ലാത്തതിനാലും ഒഴിവാക്കാനാവില്ലെന്ന മറുപടിയാണ് മന്ത്രി സുധാകരന് കിട്ടിയത്. ലോകബാങ്ക് ധനസഹായമുള്ള പദ്ധതിയായതിനാൽ സ്റ്റിയറിംഗ് കമ്മിറ്റിക്കാണ് തീരുമാനമെടുക്കാനുള്ള അധികാരം. ധനകാര്യ, എക്സ്പെൻഡിച്ചർ, പൊതുമരാമത്ത്, ജലവിഭവ, നിയമ, ഗതാഗത വകുപ്പ് സെക്രട്ടറിമാർ, കെ.എസ്.ടി.പി ചീഫ് എൻജിനിയർ തുടങ്ങിയവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.
ടെൻഡറിൽ പങ്കെടുത്തത്
അഞ്ച് കമ്പനികൾ
22 കിലോമീറ്റർ ദൂരത്തിലുള്ള പുനലൂർ-കോന്നി റീച്ചിന് 226 കോടിയാണ് എസ്റ്രിമേറ്റ്. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം. ടെൻഡറിൽ പങ്കെടുത്ത അഞ്ച് കമ്പനികളിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ആർ.ഡി.എസ് കമ്പനിയെ തിരഞ്ഞെടുക്കുകയായിരുന്നു.
ശ്രീധന്യ കൺസ്ട്രക്‌ഷൻസ്, ഇ.കെ.കെ കൺസ്ട്രക്‌ഷൻസ്, ദിനേശ് ചന്ദ്രഅഗർവാൾ, രഞ്ജിത് ബിൽഡേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് എന്നിവയാണ് മറ്റ് കമ്പനികൾ. 30 കിലോമീറ്റർ വീതം ദൈർഘ്യമുള്ള കോന്നി-പ്ളാച്ചേരി, പ്ളാച്ചേരി -പൊൻകുന്നം റീച്ചുകൾ നേരത്തേ ടെൻഡറായിരുന്നു. ഇതിൽ ആദ്യ റീച്ച് നിർമാണം തുടങ്ങി. പ്ളാച്ചേരി-പൊൻകുന്നം റീച്ചിന്റെ കരാർ ഒപ്പുവയ്ക്കണം. 728 കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്.
ഒഴിവാക്കാൻ
സാദ്ധ്യത കുറവ്
'ചെറിയാൻ വർക്കി കമ്പനി'യുമായി സംയുക്തമായാണ് ആർ.ഡി.എസ് കരാറെടുത്തിട്ടുള്ളത്. അവരുടെ പേരിൽ ആക്ഷേപങ്ങളില്ല. സ്റ്റിയറിംഗ് കമ്മിറ്റി ഒഴിവാക്കാൻ തീരുമാനിച്ചാലും അവർക്ക് കോടതിയെ സമീപിക്കാം. രാജ്യത്തെ പ്രമുഖ നിർമാണ കമ്പനികളിലൊന്നായ ആർ.ഡി.എസ് കേരളത്തിൽ മറ്റ് പല നിർമാണ പ്രവർത്തനങ്ങളുടെയും കരാർ എടുത്തിട്ടുമുണ്ട്.
ചർച്ച നടത്തണം:
മന്ത്രി ജി. സുധാകരൻ
സ്റ്റിയറിംഗ് കമ്മിറ്രിയിൽ ലോകബാങ്ക് പ്രതിനിധികളില്ല. കരാർ വിവാദ കമ്പനിക്ക് നൽകുന്നത് പൊതുജനാഭിപ്രായത്തിന് എതിരാവുമെന്നതിനാൽ ലോകബാങ്കുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.