സ്വപ്നതീരത്തിനു മേൽ കൊലവിളി - പരമ്പര ഭാഗം 1
കോവളം തീരത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളുമൊക്കെ ഇടിച്ചു നിരത്തണം!" നിയമത്തിന്റെ പേര് പറഞ്ഞ് കുറച്ചു നാൾ മുമ്പ് ജെ.സി.ബികളും പൊലീസ് പടയുമായി തിരുവനന്തപുരം നഗരസഭാ അധികൃതർ എത്തിയത് വ്യവസായ നിക്ഷേപകരെ മാത്രമല്ല നേരിട്ടും അല്ലാതെയും ടൂറിസം മേഖലയിൽ ഉപജീവനം തേടുന്ന ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഹൈക്കോടതിയിൽ നിന്നു ലഭിച്ച സ്റ്റേയുടെ ബലത്തിൽ അത് താത്കാലികമായി ഒഴിഞ്ഞു പോയി. എന്നാൽ, ഭീഷണി ഒഴിഞ്ഞിട്ടില്ല. കോവളം തീരത്ത് പ്രവർത്തിക്കുന്ന ഇരുന്നൂറോളം സ്ഥാപനങ്ങൾ ഏതു നിമിഷവും ഇടിച്ചുനിരത്തുമെന്ന് അധികാരികൾ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തീരത്തെ സ്ഥാപനങ്ങളെ തച്ചുടച്ച് തൂത്ത് മാറ്റിക്കഴിഞ്ഞാൽ മാത്രമേ ടൂറിസം വളരുകയുള്ളൂ എന്ന വിശ്വാസമാണോ അധികാരികളെ ഇത്തരം ചെയ്തികളിലേക്ക് നയിക്കുന്നതെന്നറിയില്ല. അങ്ങനെ വിശ്വസിക്കുന്നവർ കോവളം എങ്ങനെ അന്താരാഷ്ട്ര പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി വളർന്നുവെന്ന് മനസിലാക്കണം.
ആ ഫ്ലാഷ്ബാക്ക് 1930ൽ നിന്നും ആരംഭിക്കാം. പുതിയ സ്വപ്നതീരങ്ങൾ തേടിയുള്ള യാത്രയിൽ യൂറോപ്യൻ സംഘത്തിന് പാറക്കല്ലുകൾക്കിടയിലെ ചെറിയ ബീച്ചുകൾ പുതിയ അനുഭവമായിരുന്നു. തിര തീരെയില്ലാത്ത കടലിലെ ഓളപ്പരപ്പിലേക്ക് അവരിറങ്ങി കുളിച്ചു തിമിർത്തു. മുല്ലമൊട്ടു പോലെ മൃദുലമായ മണൽപ്പരപ്പിൽ മലർന്നു കിടന്നു. തീരത്തിന്റെ സൗന്ദര്യം ഒന്നോ രണ്ടോ ദിവസം കൊണ്ട് ആസ്വദിച്ചു തീർക്കാൻ കഴിയുന്നതായിരുന്നില്ല. താമസിക്കാനായി സമീപത്തെ വീടുകളിലേക്ക് അവർ ചെന്നു കയറി.
കപ്പയും മീൻകറിയും ചേമ്പും ചിപ്പിയുമൊക്കെ വിളമ്പി നാട്ടുകാർ അവരെ സ്വീകരിച്ചു. ഇവിടെ ആദ്യം വന്നു പോയവർ സ്വപ്നതീരത്തിന്റെ മനോഹാരിതയും ഇവിടത്തെ നാട്ടുകാരുടെ സ്നേഹവും കണ്ടവരോടൊക്കെ പറഞ്ഞു, എഴുതി. കേട്ടവർ കേട്ടവർ കോവളത്തേക്കു പറന്നെത്തി. മെടഞ്ഞെടുത്ത ഓലകൾ കൊണ്ട് കൂരകൾ കെട്ടി തദ്ദേശവാസികൾ അവരെ പാർപ്പിച്ചു. കയറും കൈത്തറിയും മത്സ്യബന്ധനവുമൊക്കെ കണ്ട് വിദേശികൾ നടന്നു. അവരെ തടസപ്പെടുത്താനായി ഒരു വിലക്കുകളും അന്നില്ലായിരുന്നു. പകൽ ഒരു തുണ്ട് തുണിയിൽ നാണംമറച്ച് കടൽതീരത്ത് തിമിർക്കുന്നവർ രാത്രിനേരം കുടിലുകളിൽ തലചായ്ക്കുമ്പോൾ മണ്ണെണ്ണ വിളക്കിന്റെ പ്രകാശം ധാരാളമായിരുന്നു. ഒരു തരത്തിലുള്ള അരക്ഷിതബോധവും അവരെ അലട്ടിയില്ല.
1930കളിൽ കുടിൽകെട്ടി മറച്ച് വിദേശികളെ സ്വാഗതം ചെയ്തവരാണ് കോവളത്ത് ഇന്ന് കാണുന്ന ടൂറിസത്തെ വളർത്തിയെടുക്കാൻ ശിലപാകിയത്. വെള്ളക്കാരോട് അന്ന് അവർ കാണിച്ച കരുതലാണ് നാടിനോടുള്ള വലിയ വിശ്വാസമായി വളർന്നത്. ഇതൊക്കെ സംഭവിച്ചപ്പോൾ രാജ്യം തിരുവിതാംകൂറായിരുന്നു. തീരത്തിന്റെ സൗന്ദര്യം മനസിലാക്കിയ രാജകുടുംബം 1932ൽ കോവളത്ത് വേനൽക്കാല വസതി പണിതു. കല്ലിൽത്തീർത്ത കൊട്ടാരവും ചുറ്റിനും അനുബന്ധ വസതികളും മൈതാനവുമൊക്കെ ഉൾപ്പെട്ടതായിരുന്നു വേനൽക്കാല വസതി .
ഓരോവർഷം കഴിയുന്തോറും വിദേശികളുടെ വരവ് ഏറിക്കൊണ്ടിരുന്നു. അവർക്കായി ഹോട്ടലുകളും റസ്റ്റോറന്റുകളും നിർമ്മിക്കപ്പെട്ടു. അപ്പോഴേക്കും കുറുങ്കല്ലിനും ഇടക്കല്ലിനും ഉടയൻവാഴി കല്ലിനും ഇടയിലുള്ള തീരത്തിന്റ മഹിമ ലോകം മുഴുവൻ പരന്നിരുന്നു. കോവളത്തിന്റെ വാണിജ്യ താത്പര്യം തിരിച്ചറിഞ്ഞ് ഇവിടെയൊരു ഹോട്ടൽ നിർമ്മിക്കാൻ കേന്ദ്രഗവൺമെന്റ് പദ്ധതി തയാറാക്കിയത് 1970ലാണ്. പിന്നെയും പത്തുവർഷം കഴിഞ്ഞാണ് സംസ്ഥാന ടൂറിസം വകുപ്പ് ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നത്. 1980ൽ സർക്കാർ അതിഥി മന്ദിരത്തിന് ശിലയിട്ടു. നിർമ്മാണം പൂർത്തിയായപ്പോൾ 1986 ആയി.
കോവളമാണ് സംസ്ഥാന ടൂറിസത്തിന്റെ പ്രധാന ആണിക്കല്ല്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വിദേശികളെ ക്ഷണിച്ചുകൊണ്ടു പോയിരുന്നത് ഇവിടെ നിന്നുമായിരുന്നു. സംസ്ഥാന രൂപീകരണത്തിനു ശേഷം നല്ലൊരു വരുമാനമാർഗമായി ടൂറിസം വളർന്നിരുന്നു. ഇപ്പോഴും വരുമാനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.
കല്ലുകൾ കൊണ്ട് പ്രകൃതി കോവളത്തിനായി ഒരുക്കിയ സംരക്ഷണമാണ് കുറുങ്കല്ലും ഇടക്കല്ലും ഉടയൻവാഴിക്കല്ലും. കുറുങ്കല്ലിലാണ് കേന്ദ്രഗവൺമെന്റ് 1972ൽ ലൈറ്റ് ഹൗസ് നിർമ്മിച്ചത്. ഉടയൻവാഴിപ്പാറയ്ക്ക് മുകളിലായാണ് കേന്ദ്രഗവൺമെന്റ് ഐ.ടി.ഡി.സിയും കേരള ടൂറിസത്തിന്റെ ഗസ്റ്റ് ഹൗസും സ്ഥിതി ചെയ്യുന്നത്. ടൂറിസം ആസൂത്രണവും പദ്ധതി വിഹിതവും ഒന്നുമില്ലാതിരുന്ന കാലത്ത് ഇവിടെത്ത പ്രദേശവാസികൾ വളർത്തിക്കൊണ്ടു വന്ന ടൂറിസത്തിനാണ് ഇപ്പോൾ അധികാരികൾ പുല്ലുവില കൽപ്പിക്കുന്നത്. ടൂറിസത്തിന്റെ സാദ്ധ്യതകൾ ആദ്യം തിരിച്ചറിഞ്ഞവരുടെ അടുത്ത തലമുറയെയാണ് ഇപ്പോൾ പടിയടച്ച് പിണ്ഡം വയ്ക്കാൻ ശ്രമിക്കുന്നത്.
തീരദേശ നിയമം എന്ന വാളെടുത്ത് വീശിയാണ് കോവളത്തോട് അധികാരികൾ ഇപ്പോൾ ടൂറിസം രംഗത്തുള്ളവരോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിങ്ങനെ തിരിയുന്നതിന് രഹസ്യ അജണ്ടയുണ്ടോ -
അതേക്കുറിച്ച് നാളെ.