ഇന്ത്യാ മഹാരാജ്യത്ത് മുമ്പുണ്ടായിരുന്നതുപോലെയുള്ള അഴിമതികൾ കുറഞ്ഞുവെന്നാണ് പൊതുവേയുള്ള ധാരണ. അഴിമതി ഇല്ലാതാക്കിയതുകൊണ്ട് കുറഞ്ഞതാണോ അഥവാ അഴിമതികൾ വെളിച്ചത്തുകൊണ്ടുവരാൻ കഴിയാത്ത സാഹചര്യമാണോ അത്തരം ധാരണയ്ക്കു അടിസ്ഥാനം എന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ അവബോധം ആവശ്യമായതുകൊണ്ടാണ് ഇത്തരം ഒരു ലേഖനം എഴുതാൻ ഇടയായത്.
അഴിമതിക്കെതിരെ പൊരുതുന്നവരിൽ ബഹുഭൂരിപക്ഷവും അരാഷ്ട്രീയക്കാരാണ്. അവർ മുൻകാലങ്ങളിൽ അഴിമതിക്കെതിരെ നടത്തിവന്ന നിയമ നടപടികൾക്കു വിഘ്നം സംഭവിച്ച സാഹചര്യമാണ് ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടമാടുന്ന അഴിമതികൾ ഇപ്പോൾ പുറത്തുവരാൻ ഇടയാകാത്തത്. കേന്ദ്ര സർക്കാർ 2018ൽ പുറത്തിറക്കിയ അഴിമതി നിരോധന ഭേദഗതി നിയമംമൂലം അതതു സർക്കാരുകൾക്കു തങ്ങളുടെ താത്പര്യമനുസരിച്ച് മാത്രം അഴിമതി അന്വേഷിക്കാനുള്ള സ്ഥിതി സംജാതമായിരിക്കുന്നു. എന്തെന്നാൽ പ്രസ്തുത നിയമത്തിലെ 17-ാം വകുപ്പിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിജിലൻസ് പോലെയുള്ള ഏജൻസികൾക്ക് സർക്കാർ തലത്തിൽ നടക്കുന്ന അഴിമതികൾ അന്വേഷിക്കാൻ സാധിക്കുകയില്ലെന്നുള്ള നിബന്ധനയാണ് കാരണം. ഏതെങ്കിലുമൊരു ഭരണ കർത്താവിനെതിരെയോ സർക്കാർ ഉദ്യോഗസ്ഥനെതിരെയോ വസ്തുതാപരമായി വെളിവായിട്ടുള്ള അഴിമതികൾ പോലും തെളിവുകളെ അടിസ്ഥാനമാക്കി നിയമ നടപടികൾ സ്വീകരിക്കാൻ ജനങ്ങൾക്കുണ്ടായിരുന്ന അവകാശം ഇല്ലാതെയായി. എങ്കിലും പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വ്യവസ്ഥ മനസിലാക്കാതെ ചിലരെങ്കിലും കോടതികളെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. അവരോടെല്ലാം കോടതികൾ സർക്കാർ അനുമതി ഹാജരാക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇപ്രകാരം കോടതികളിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യേണ്ട കോടതികളാകട്ടെ 17-ാം വകുപ്പിൽ അനുശാസിക്കുന്ന സർക്കാർ അനുമതി ആവശ്യമാണോ അല്ലയോ എന്ന വിഷയത്തിൽ വ്യക്തമായി തീരുമാനം കൈക്കൊള്ളുന്നുമില്ല. പല കോടതികളും ഈ വിഷയത്തിൽ ഉന്നത നീതി പീഠത്തിന്റെ വിധി കാത്ത് അത്തരം തീരുമാനങ്ങൾ മാറ്റിവയ്ക്കുകയോ ഭൂരിപക്ഷം പരാതിക്കാരോടും സർക്കാർ അനുമതി വാങ്ങി പരാതിയോടൊപ്പം ഹാജരാക്കാൻ നിർദ്ദേശിക്കുകയോ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തെ വിജിലൻസ് കോടതികകളിൽ തന്നെ അഴിമതി ആരോപണം ഉന്നയിച്ച നൂറുകണക്കിന് പരാതികൾ തീരുമാനം കാത്തു കിടക്കുകയാണ്.
എന്നാൽ ഈ വിഷയത്തിൽ വിജിലൻസ് കോടതികളെ സംബന്ധിച്ച് അഴിമതി കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഏജൻസിയെക്കൊണ്ട് അന്വേഷിക്കുന്നതിന് 17-ാം വകുപ്പിൽ പറയുന്ന സർക്കാർ അനുമതി ആവശ്യമാണോ എന്നതാണ് നിയമ പ്രശ്നം. യഥാർത്ഥത്തിൽ പാർലമെന്റ് പാസാക്കിയ ഭേദഗതി നിയമത്തിലെ 17-ാം വകുപ്പിൽ പറയുന്ന സർക്കാർ അനുമതി അന്വേഷണ ഏജൻസികൾക്ക് സ്വന്തം നിലയിൽ അന്വേഷണം നടത്താനുള്ള വിലക്ക് മാത്രമാണ്. അത്തരം അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെങ്കിൽ അന്വേഷണ ഏജൻസി സർക്കാരിന്റെ മുൻകൂർ അനുമതി തേടിയിരിക്കണം. പ്രസ്തുത നിബന്ധന ഒരു പക്ഷേ അന്വേഷണ ഏജൻസികളുടെ അധികാര ദുരുപയോഗം തടയാൻ വേണ്ടിയിട്ടുള്ളതാകാം.
എന്നാൽ കോടതികൾ പ്രസ്തുത വകുപ്പിലെ നിബന്ധനയ്ക്കു വിധേയമായി അഴിമതി കുറ്റങ്ങൾ ശ്രദ്ധയിൽ വരുമ്പോൾ അന്വേഷണത്തിന് ഉത്തരവ് നൽകാതെ സർക്കാർ അനുമതിക്കു പരാതിക്കാരനോട് നിർബന്ധിക്കുന്നതു നിയമപരമല്ല. എന്തെന്നാൽ വിചാരണ കോടതികൾ ക്രിമിനൽ നടപടി ക്രമത്തിലെ 190-ാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള അധികാരം ഉപയോഗിച്ചാണ് ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതും സ്വീകരിക്കേണ്ടതും. 190-ാം വകുപ്പുപ്രകാരം ക്രിമിനൽ നടപടി എടുക്കാൻ അധികാരപ്പെട്ട ഒരു കോടതിക്ക് തന്റെ മുമ്പിൽ കിട്ടുന്ന അഴിമതി കുറ്റം സംബന്ധിച്ചുള്ള ആരോപണങ്ങൾ ബന്ധപ്പെട്ട ഏജൻസിയെ കൊണ്ട് 156-ാം വകുപ്പുപ്രകാരമുള്ള അന്വേഷണം നടത്താനായി ഉത്തരവു നൽകാം. അഴിമതി നിരോധന ഭേദഗതി നിയമത്തിലെ 17-ാം വകുപ്പ് വിജിലൻസ് കോടതികളുടെ ക്രിമിനൽ നടപടിക്രമം 190-ാം വകുപ്പിലെ അധികാരം ഇല്ലായ്മ ചെയ്യുകയോ നിയന്ത്രണത്തിനു വിധേയമാക്കുകയോ ചെയ്യുന്നില്ലെന്നുള്ളതാണ് ഈ ലേഖകൻ മനസിലാക്കിയിട്ടുള്ളത്. എങ്കിലും കോടതിയുടെ ഉത്തരവ് പ്രകാരം അന്വേഷണം കഴിഞ്ഞ് സമർപ്പിക്കപ്പെടുന്ന റിപ്പോർട്ടുകളിൽ വിചാരണ നടത്താൻ 190-ാം വകുപ്പു പ്രകാരമുള്ള സാംങ്ഷൻ കോടതിക്ക് അത്യന്താപേക്ഷിതമാണ്.
ചുരുക്കത്തിൽ അന്വേഷണ ഏജൻസികളുടെ സ്വതന്ത്രമോ അഥവാ സ്വമേധയായുള്ള അന്വേഷണത്തിനുമാത്രം വിലക്കേർപ്പെടുത്തിയിട്ടുള്ള 17-ാം വകുപ്പിലെ നിബന്ധന കോടതിക്കു കൂടി ബാധകമാണെന്ന ധാരണയിലാണ് അഴിമതി ആരോപണങ്ങളിൽ കോടതികൾ സർക്കാരിന്റെ മുൻ അനുമതി ഹാജരാക്കാൻ പരാതിക്കാരെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ ആകട്ടേ പല കേസുകളിലും അനുമതി നിഷേധിക്കുകയോ തക്ക സമയത്ത് അനുമതി നൽകാതെ കാലതാമസം വരുത്തുകയോ ആണ് ചെയ്തുവരുന്നത്. ചുരുക്കത്തിൽ അഴിമതിക്കെതിരെ പോരാട്ടം നടത്തിവരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നടപടികൾ സംജാതമായിരിക്കുന്നു. അത്തരത്തിൽ സർക്കാരുകളുടെ താത്പര്യം അനുസരിച്ചുമാത്രം അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഇക്കാരണത്താൽ കാലാകാലങ്ങളിൽ അഴിമതിക്കെതിരെ സാമൂഹിക പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനു അറുതി വന്നു. അങ്ങനെ അഴിമതി ഇല്ലാതായി എന്നു നമുക്ക് സമാധാനിക്കാം.
(മുൻ അഡി.ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ - വിജിലൻസാണ് ലേഖകൻ)