തിരുവനന്തപുരം: കാൻസറിനോട് പൊരുതുന്ന മനസുകൾക്ക് സാന്ത്വനമേകി കെയർ പ്ലസ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഓണാഘോഷം സംഘടിപ്പിച്ചു. വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്ന പരിപാടി നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.സിന്ധു ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ഗീതാ അശോകൻ, സെക്രട്ടറി ശോഭാ ജോർജ്ജ്, വൈസ് പ്രസിഡന്റ് ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു. രോഗത്തിന്റെ വേദനകൾ മറന്ന് 150 രോഗികളാണ് പരിപാടിയിൽ പങ്കെടുത്തത്. തിരുവാതിരയും ഓണപ്പാട്ടുകളുമായി അവർ ആഘോഷത്തിൽ പങ്കുചേർന്നു. രോഗം ബാധിച്ചതിന് പിന്നാലെ ആശുപത്രിയും വീടും മാത്രമായി കഴിയുന്നവർക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമായി പരിപാടി മാറി. ആർ.സി.സിയിൽ ചികിത്സയിലുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ചടങ്ങിലെത്തിയത്. ഇവർക്ക് യാത്രാച്ചെലവും പാലിയേറ്റീവ് കെയറാണ് വഹിച്ചത്. ഓണക്കോടിയും ഭക്ഷ്യസാധനങ്ങളും അടങ്ങിയ ഓണക്കിറ്റും വിതരണം ചെയ്‌തു. കലാപരിപാടികൾക്ക് ശേഷം ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും കഴിച്ചാണ് രോഗികളും കുടുംബാംഗങ്ങളും മടങ്ങിയത്. 2003ൽ ആർ.സി.സി കേന്ദ്രീകരിച്ചാണ് കെയർ പ്ലസ് പ്രവർത്തനം ആരംഭിച്ചത്. ആർ.സി.സിക്കുള്ളിലാണ് സംഘടനയുടെ ഓഫീസ് പ്രവർത്തനവും. ഡോക്ടർമാർ പാലിയേറ്റീവ് വിഭാഗത്തിലേക്ക് അയയ്ക്കുന്നവർക്ക് താങ്ങായി മാറുന്നത് കെയർപ്ലസാണ്. രോഗികളെ വീട്ടിലെത്തി പരിചരിക്കുന്നതോടൊപ്പം കാൻസർ ബാധിതരുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്‌കൂൾ തലം മുതൽ പ്രൊഫഷണൽ കോളേജുവരെ 200ഓളം കുട്ടികളാണ് കെയർ പ്ലസ് വഴി പഠിക്കുന്നത്. സുമനസുകളുടെ സഹായം കൊണ്ടാണ് 16 വർഷമായി കെയർപ്ലസിന് മികച്ച രീതിയിൽ മുന്നോട്ടുപോകാൻ കഴിയുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.