ആറ്റിങ്ങൽ / മുടപുരം: കൂട്ടുകാരുടെ ആകസ്‌മിക വേർപാടിൽ വിങ്ങിപ്പൊട്ടി കിഴുവിലം എൻ.ഇ.എസ് ബ്ലോക്കിന് സമീപത്തെ ഡീസന്റ്മുക്ക് ഗ്രാമം. കഴിഞ്ഞ ദിവസം രാത്രി ആറ്റിങ്ങൽ പൂവൻപാറ പാലത്തിനുസമീപം കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സവിദം വീട്ടിൽ സതീഷ് കുമാർ (45), ലാത്തറ വീട്ടിൽ ഷമീർ (35) എന്നിവർ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സമീപവാസിയായ സനൂജ മൻസിലിൽ നൗഷാദ് (34) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം സതീഷ് കുമാറിന്റെ മൃതദേഹം ഒന്നരയോടെയും ഷമീറിന്റെ മൃതദേഹം രണ്ടോടെയുമാണ് വീട്ടിലെത്തിച്ചത്. ഇരുവരുടെയും ചേതനയറ്റ മൃതശരീരത്തിന് മുന്നിൽ സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു. നാട്ടിൽ എന്ത് കാര്യമുണ്ടെങ്കിലും ഇവർ ഓടിയെത്തുമായിരുന്നെന്ന് നാട്ടുകാർ ഓർക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ ശേഖരിക്കുന്നതിലും ഇവർ മുൻപന്തിയിലുണ്ടായിരുന്നു. ആട്ടോഡ്രൈവറായ ഷമീർ സി.പി.എം എൻ.ഇ.എസ് ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറിയാണ്. കുടുംബവീട്ടിൽ ഉമ്മ ഷൈല, സഹോദരങ്ങളായ ഷൈജു, സജീർ എന്നിവരോടൊപ്പമായിരുന്നു ഷമീറിന്റെ താമസം. നിർദ്ധന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഷമീർ. ഭാര്യ: സഹീറ. മക്കൾ: ഷബാസ്, ഷമ്മാസ്. സതീഷ് കുമാർ മുമ്പ് ഗൾഫിലായിരുന്നു. അതിനുശേഷം നാട്ടിലെത്തി മരപ്പണിക്ക് പോകുകയായിരുന്നു. ആറുവർഷം മുമ്പാണ് ഡീസന്റ് മുക്കിൽ വീടുവാങ്ങി താമസം ആരംഭിച്ചത്. ഭാര്യ: വിദ്യ. മക്കൾ: സ്നേഹ സതീഷ്, സന്ദീപ് സതീഷ്.