arrest

വർക്കല: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, രാത്രികാല ഭവനഭേദനം, മാല പൊട്ടിക്കൽ, കൊട്ടേഷൻ ആക്രമണം, കഞ്ചാവ് കടത്ത് തുടങ്ങി വിവിധ തരത്തിലുളള കുറ്റകൃത്യങ്ങളിൽ പതിവായി ഏർപ്പെട്ട് വന്നിരുന്നവരും കഴിഞ്ഞ ആറ് മാസത്തിനുളളിൽ വർക്കല, അയിരൂർ, പാരിപ്പളളി, ചാത്തന്നൂർ, പളളിക്കൽ പൊലീസ് പരിധിയിലെ വിവിധ ഇടങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് മാലപൊട്ടിക്കൽ, ക്ഷേത്രക്കവർച്ച, വീട് കയറി കൊട്ടേഷൻ ആക്രമണം തുടങ്ങിയ കേസുകളിൽ പിടികിട്ടാപ്പുളളികളായ രണ്ട് പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

പാരിപ്പളളി കുളമട കിഴക്കനേല മിഥുഭവനിൽ അച്ചു എന്ന് വിളിക്കുന്ന മിഥുൻ (22), പാരിപ്പളളി ഭജനമഠം നന്ദുഭവനിൽ നന്ദു പി. നായർ (24) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 26ന് വർക്കല സ്വദേശിനിയായ സുധയുടെ മൂന്ന് പവൻ തൂക്കമുളള മാല ചെറുകുന്നം ഭാഗത്ത് വച്ച് ബൈക്കിലെത്തി പൊട്ടിച്ചെടുത്ത കേസിലും പുന്നമൂട് ഭാഗത്തുവച്ച് വർഷയുടെ അഞ്ച് പവൻ തൂക്കമുളള മാല പൊട്ടിച്ചെടുത്ത കേസ് ഉൾപ്പെടെ പത്തോളം മാലപൊട്ടിക്കൽ കേസുകളിലും ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നാവായിക്കുളത്ത് ശരത്ബാബുവിന്റെ വീട്ടിൽ കയറി കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച കേസ്, കോണത്ത് മാടൻകാവ് ക്ഷേത്ര ശ്രീകോവിൽ കുത്തുത്തുറന്ന് പണവും സ്വർണാഭരണവും കവർന്ന കേസ്, കല്ലുവാതുക്കൽ ശ്രീധന്യ കാഷ്യു കമ്പനിയുടെ ഓഫീസിൽ കയറി മൂന്ന് അസാം സ്വദേശികളെ വെട്ടി പരിക്കേൽപ്പിച്ച് 91000 രൂപയും മൂന്ന് മൊബൈൽ ഫോണുകൾ കവർന്ന കേസ് തുടങ്ങി നിരവധി കേസുകളിൽപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ തെരഞ്ഞുകൊണ്ടിരുന്നവരാണ് ഇരുവരും. 17 കാരിയായ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത കേസിലും മിഥുൻ പ്രതിയാണ്. വർഷങ്ങളായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ഇവരിൽ നന്ദുവിന്റെ പിതാവ് തീവെട്ടിബാബു, അച്ചുവിന്റെ പിതാവ് പൂണി എന്നു വിളിക്കുന്ന അനിൽകുമാർ എന്നിവർ വിവിധ കേസുകളിൽ പെട്ട് വർഷങ്ങളായി ജയിലിൽ കിടന്നിട്ടുളളവരാണ്. കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നു കഞ്ചാവ് എത്തിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോളേജ് വിദ്യാർത്ഥികൾക്ക് നൽകി അവരുമായി സൗഹൃദം സ്ഥാപിച്ച് ആഡംബര ബൈക്കുകൾ കൈക്കലാക്കിയാണ് ഇരുവരും മാലപൊട്ടിക്കൽ ഉൾപ്പെടെയുളള മോഷണ കേസുകൾ നടത്തുന്നത്. ജില്ലാ പൊലീസ് മേധാവി പി.കെ.മധുവിന്റെ നിർദ്ദേശത്തെ തുടർന്ന് വർക്കലയിലെ സിസി ടിവി കാമറകളും പ്രതികളുടെ സുഹൃത്തുക്കളുടെ ഫോണുകളും നിരീക്ഷിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അവരെ പിടികൂടിയത്. കഴക്കൂട്ടത്തെ ഒരു ആഡംബര ഹോട്ടലിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എം.ആർ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ വർക്കല സി.ഐ ജി.ഗോപകുമാർ, സബ് ഇൻസ്പെക്ടർ വി.കെ.അരുൺ, എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒമാരായ മുരളീധരൻ, ജയപ്രസാദ്, സി.പി.ഒ മാരായ നാഷ്, ഷമീർ, അൻസർ, ജയ് മുരുകൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു.