വെഞ്ഞാറമൂട്: ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി പാറയ്ക്കൽ ഗവ.യു.പി സ്കൂൾ ലളിതമായ ചടങ്ങുകളോടെ ഓണാഘോഷം നടത്തി. നാടിന്റെ വളർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും എന്ന പേരിൽ സഹായ നിധി രൂപീകരിച്ചായിരുന്നു തുക സ്വരൂപിച്ചത്. ഇതിനായി സ്കൂളിൽ തന്നെ പെട്ടി നിർമ്മിച്ച് പണം സ്വരൂപിക്കുകയായിരുന്നു. നിധിയിലേക്കുള്ള ആദ്യ സംഭാവന നിക്ഷേപിക്കൽ മാവേലി വേഷധാരിയായ വിദ്യാർത്ഥി നിർവഹിച്ചു. മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത, ജില്ലാ പഞ്ചായത്ത് അംഗം ശോഭകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കലാകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിജയകുമാർ, ലേഖാ കുമാരി, ഓമന അമ്മ, പ്രഥമ അദ്ധ്യാപിക എൽ.ആർ. ലത, പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ജി. രാജേന്ദ്രൻ, എസ്.എം. സി ചെയർമാൻ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.