ആറ്റിങ്ങൽ: ഓരോ ഓണക്കാലവും നന്മയിലേക്കുള്ള മാർഗം തെളിച്ച് മനുഷ്യരാശിക്കു നന്മ ചെയ്യുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. ഓണക്കാലം മാനവരാശിയുടെ ഒത്തൊരുമയും നന്മയും പ്രകടമാക്കുന്നതാണ്. ഓരോ ഓണക്കാലത്തും മനുഷ്യന് എല്ലാ നന്മകളും ചെയ്തുകൊണ്ട് നാം ഓരോരുത്തരും അതിനോടൊപ്പം ചേരണമെന്നും അദ്ദേഹം പറഞ്ഞു. സായിഗ്രാമത്തിൽ 50 വർഷങ്ങൾക്കു മുൻപുള്ള ഓണക്കാഴ്ചകളും കലാപരിപാടികളും ഒത്തുചേർത്തുകൊണ്ട് ആരംഭിക്കുന്ന അൻപത് വർഷം മുമ്പുള്ള ഓണക്കാലത്തെ കാഴ്ചകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റിന്റെ ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലശങ്കർ മന്നത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ബി. വിജയകുമാർ സ്വാഗതം പറഞ്ഞു. പള്ളിപ്പുറം ജയകുമാർ, ഇളമ്പ ഉണ്ണികൃഷ്ണൻ, ഡോ. എ. വിജയൻ, ഇ.എസ്. അശോക് കുമാർ, ബി. ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.