memu

തിരുവനന്തപുരം: പുത്തൻതലമുറ മെമു ട്രെയിനുകൾ തിരുവനന്തപുരം ഡിവിഷനിൽ ഓടിത്തുടങ്ങി. കോട്ടയം വഴി എറണാകുളത്തേക്കുള്ള മെമുവാണ് ആദ്യം സർവീസ് നടത്തിയത്.

നിലവിലുള്ള മെമു റേക്കിനെക്കാൾ പെട്ടെന്ന് വേഗമാർജ്ജിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഹൈബ്രിഡ് കാറുകളിലേതുപോലെ ബ്രേക്ക് ചെയ്യുമ്പോൾ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുന്ന സംവിധാനം കോച്ചുകളിലുണ്ട്. ബ്രേക്ക് ചെയ്യുമ്പോൾ ചക്രങ്ങൾ നിറുത്താൻ ഉയോഗിക്കുന്ന ബലം ഉപയോഗിച്ച് ഡൈനാമോകൾ വൈദ്യുതി ഉത്പാദിപ്പിക്കും. 35 ശതമാനം വൈദ്യുതി ഇതിലൂടെ ലാഭിക്കാനാകും. ഓൺലൈൻ നിരീക്ഷണ സംവിധാനവുമുണ്ട്.
എല്ലാ കോച്ചുകളിലും പാസഞ്ചർ ഇൻഫർമേഷൻ സംവിധാനവും നിരീക്ഷണ കാമറകളുമുണ്ട്. ബയോ ടോയ്ലറ്റുകൾ, സീറ്റുകളിൽ വാട്ടർബോട്ടിൽ സൂക്ഷിക്കാനുള്ള സംവിധാനം, ഉയരം കൂടിയ സീറ്റുകൾ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവയുണ്ട്. കുലുക്കവും വിറയലും കുറയ്ക്കാൻ കഴിയുന്ന ഇരട്ട സസ്‌പെൻഷൻ സംവിധാനമാണുള്ളത്. സസ്‌പെൻഷൻ തകരാറുണ്ടെങ്കിൽ വേഗത സ്വയം നിയന്ത്രിത സംവിധാനം കുറയ്ക്കും. കൂടുതൽ സ്ഥലസൗകര്യമുണ്ട്. 614 സീറ്റുകളുള്ള റേക്കിൽ 1788 യാത്രക്കാർക്ക് നിന്ന് യാത്രചെയ്യാം. ഒരു മെമുവിൽ 2402 യാത്രക്കാരെ വഹിക്കാൻ കഴിയും. നിലവിൽ നാല് മെമു തീവണ്ടികളാണ് തിരുവനന്തപുരം ഡിവിഷനുള്ളത്. കന്യാകുമാരി -കൊല്ലം, കൊല്ലം - ആലപ്പുഴ -എറണാകുളം, കൊല്ലം -കോട്ടയം -എറണാകുളം, എറണാകുളം -ഷൊർണൂർ പാതകളിലാണ് മെമു ഓടിക്കുന്നത്.