photo1

തിരുവനന്തപുരം: ഓണ വില്പനയ്ക്കായി നഗരത്തിലെത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ ഷാഡോ പൊലീസും കോവളം പൊലീസും ചേർന്ന് പിടികൂടി. തമിഴ്നാട് ഉസലാംപെട്ടി പൊട്ടിലപ്പെട്ടി സ്വദേശി ബാലുച്ചാമി (63), വീരപ്പെട്ടി സ്വദേശി കണ്ണൻ (45) എന്നിവരാണ് പിടിയിലായത്.ഓണാഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിലെ ലഹരി വില്പന തടയുന്നതിനായി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അടുത്തിടെ പിടികൂടിയ ചില്ലറ വില്പനക്കാരിൽ നിന്നും മൊത്തക്കച്ചവടക്കാരിൽ നിന്നുമാണ് ഇവരെക്കുറിച്ചുള്ള വിവരം ഷാഡോ പൊലീസിന് ലഭിച്ചത്. തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇവർ കോവളം കല്ലുവെട്ടാൻകുഴി ഹൈവേ ഭാഗത്ത് വച്ച് കഞ്ചാവ് കൈമാറാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. നഗരത്തിലെ കഞ്ചാവ് വില്പന തടയുന്നതിനായി വരും ദിവസങ്ങളിലും കർശന പരിശോധനകൾ നടത്താനാണ് പൊലീസിന്റെ തീരുമാനം. സിറ്റി പൊലീസ് കമ്മിഷണർ എം.ആർ. അജിത്തിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ ആർ. ആദിത്യ, മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈംബ്രാഞ്ച് എ.സി സന്തോഷ് .എം.എസ്, ഫോർട്ട് എ.സി പ്രതാപൻ നായർ, കോവളം എസ്.എച്ച്.ഒ പി. അനിൽകുമാർ, എസ്.ഐ രതീഷ് .ജെ.എസ്, ഷാഡോ ടീം, കോവളം പൊലീസ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.