തിരുവനന്തപുരം: ഇനി തുലാവർഷത്തിൽ മഴ അല്പം കുറഞ്ഞാലും വേനൽക്കാലത്ത് പവർകട്ടിനെ പേടിക്കേണ്ടി വരില്ല. അത്രത്തോളം സുരക്ഷിതമായ നിലയിലേക്ക് ‌ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഈ നില തുടരുകയും തുലാവർഷത്തിൽ പതിവുപോലെ മഴ ലഭിക്കുകയും ചെയ്താൽ ഇടുക്കിയുൾപ്പെടെ ഡാമുകളെല്ലാം നിറയും. മിക്കവാറും ദിവസങ്ങളിൽ ലഭിക്കുന്ന ഒറ്റപ്പെട്ട മഴയാണ് ഡാമുകളെ നിറയ്ക്കുന്നത്.

പ്രധാനപ്പെട്ട ഡാമുകളിൽ സംഭരണ ശേഷിയുടെ 60 ശതമാനത്തിലേറെ വെള്ളമുണ്ട്. രണ്ടാം നിര ഡാമുകളായ കുറ്റാടി,​ ബാണാസുര സാഗർ അണക്കെട്ടുകൾ ഏതാണ്ട് നിറഞ്ഞു. ജൂലായ് ഒന്നിന് ഡാമുകളിൽ പത്തു ശതമാനം വെള്ളം മാത്രമാണുണ്ടായിരുന്നത്. മഴക്കാലത്ത് കേടാകാറായ ജനറേറ്റിംഗ് സ്റ്റേഷനുകൾ ഇപ്പോൾ പൂർണമായും പ്രവർത്തന സജ്ജമായിട്ടുണ്ട്. കഴിഞ്ഞ 23 വർഷത്തെ അപേക്ഷിച്ച് തുലാവർഷത്തിൽ ഏറ്റവും കുറഞ്ഞ മഴ ലഭിച്ചാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തിങ്കളാഴ്ച വൈദ്യുതി ബോർഡ് അവലോകന യോഗം വിലയിരുത്തി.

വൈദ്യുതി ഉത്പാദനം

സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികളിൽ നിന്നു ലഭിക്കുന്നത്. ബാക്കി കേന്ദ്രത്തിൽ നിന്നു വാങ്ങുകയാണ്. ഇതിൽ കുറവു വന്നാലെ ഇനി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടതുള്ളു.

'കേന്ദ്രത്തിൽ നിന്നു ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിക്ക് മുടക്കം വരാതിരുന്നാൽ

പവർകട്ടിനെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല''

-എൻ.എസ്. പിള്ള,

ചെയർമാൻ, കെ.എസ്.ഇ.ബി