general

ബാലരാമപുരം: ബാലരാമപുരം - പള്ളിച്ചൽ- വിളവൂർക്കൽ കുടിവെള്ള പദ്ധതി തടസങ്ങൾ നീങ്ങീ വീണ്ടും യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി റെയിൽവേ ലൈൻ കടന്നുപോകുന്ന മുക്കാംപാലമൂട് ഭാഗത്ത് പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്നതിന് റെയിൽവെയുടെ അനുമതി ലഭിച്ചതോടെ സംയോജിത കുടിവെള്ള പദ്ധതിക്ക് പുതുജീവൻ ലഭിച്ചിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതിലേക്കായി റെയിൽവേ ഡിവിഷൻ അധികൃതരും എം.പിമാരുമായി നേരത്തെ ചർച്ചയ്ക്ക് ആലോചന നടന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ തടസപ്പെട്ടു. ഇതിനിടെ പള്ളിച്ചൽ- വിളവൂർക്കൽ- ബാലരാമപുരം സമഗ്ര കുടിവെള്ള പദ്ധതി ബാലരാമപുരം പഞ്ചായത്തിൽ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. എം. വിൻസെന്റ് എം.എൽ.എ ജലസേചനവകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിക്ക് കത്ത് നൽകിയെങ്കിലും ഇലക്ഷൻ വിജ്ഞാപനമായതോടെ നടപടികൾ വീണ്ടും തടസപ്പെടുകയായിരുന്നു. സംയോജിത കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദിയും ജനപക്ഷത്ത് ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് നിരവധി വാർത്തകളും നൽകിയിരുന്നു.

കാളിപ്പാറ കുടിവെള്ളപദ്ധതി പ്രകാരം ബാലരാമപുരം പഞ്ചായത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെ കുടിവെള്ള വിതരണം സുഗമമായി നടക്കുന്നുണ്ട്. എന്നാൽ ബാലരാമപുരം പഞ്ചായത്തിൽ ശുദ്ധജലവിതരണം അടിക്കടി തടസപ്പെടുകയാണ്.

റെയിൽവെ ലൈൻ കടന്നുപോകുന്ന മുക്കംപാലമൂട്. തേമ്പാമുട്ടം സിഗ്നൽ പോസ്റ്റ് എന്നിവിടങ്ങളിലും ബാലരാമപുരം ദേശീയപാത മുറിച്ചാണ് ഇനി പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ളത്. ഒരു മാസത്തിനുള്ളിൽ തടസങ്ങൾ നീക്കാമെന്നാണ് റെയിൽവെ ഉറപ്പ് നൽകിയിരിക്കുന്നത്. അനുമതി ലഭിച്ച് പൈപ്പ്ലൈൻ സ്ഥാപിച്ചാൽ അടുത്ത ഒരുമാസത്തിനുള്ളിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതോടെ ബാലരാമപുരത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരമാകും.

അഡ്വ.എം.വിൻസെന്റ് എം.എൽ.എ

ചർച്ച തടസങ്ങൾ നീക്കി

ഇന്നലെ റെയിൽവേ ഡിവിഷൻ അധികൃതരും അഡ്വ.എം.വിൻസെന്റ് എം.എൽ.എയും ശശിതരൂർ എം.പിയുടേയും സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് തടസങ്ങൾ നീക്കാൻ ധാരണയായത്. യോഗത്തിൽ അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ ജയകുമാർ,​ ഡിവിഷണൽ എൻജിനീയർമാരായ കാർത്തിക്ക്,​ ശ്രീകുമാർ,​ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ സുരേഷ് ചന്ദ്രൻ,​ എക്സിക്യൂട്ടീവ് എൻജിനീയർ സുജാത് കുമാർ,​ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാധാകൃഷ്ണൻ,​ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി,​ വാർഡ് മെമ്പർമാരായ എ.എം.സുധീർ,​ ആർ.കെ.ബിന്ദു,​ പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ എന്നിവർ പങ്കെടുത്തു.

 മുക്കംപാലമൂട് വഴി പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് ഒരു മാസത്തിനുള്ളിൽ അനുമതി ലഭ്യമാക്കാമെന്ന് റെയിൽവെ ഡിവിഷണൽ മാനേജർ എസ്.കെ സിൻഹ ഉറപ്പ് നൽകിയിട്ടുണ്ട്.

 അതുപോലെ ബാലരാമപുരം ജംഗ്ഷനിൽ റോഡ് മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് അനുമതി നൽകാമെന്ന് നാഷണൽ ഹൈവേ എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ ഉറപ്പ് നൽകി.

യാഥാർത്ഥ്യമാകാൻ

നെയ്യാർ ഇറിഗേഷൻ സെക്ഷനിൽ നിന്നും ആറാലുംമൂട് വാട്ടർ അതോറിട്ടിയാണ് ബാലരാമപുരം പഞ്ചായത്തിൽ കുടിവെള്ള വിതരണം നടത്തുന്നത്. കാളിപ്പാറ പദ്ധതി ബാലരാമപുരം കുടിവെള്ള ടാങ്കുമായി കണക്ട് ചെയ്ത് കുടിവെള്ള ദൗർലഭ്യം പരിഹരിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. റെയിൽവേ ലൈൻ കടന്നുപോകുന്ന മഹാദേവപുരം സിഗ്നൽ പോസ്റ്റ് മുറിച്ചും പൈപ്പ് ലൈൻ സ്ഥാപിക്കേണ്ട പണികൾ പൂർത്തീകരിക്കാനുണ്ട്. റെയിൽവെ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചാൽ മാത്രമേ കുടിവെള്ള പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാകൂ.

 നബാർഡിന്റെ സഹായത്തോടെ

 11 കോടി രൂപ ചെലവ്

ബാലരാമപുരം പഞ്ചായത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ പണികൾ മൂന്ന് വർഷം മുമ്പ് പൂർത്തീകരിച്ചിരുന്നു.