തിരുവനന്തപുരം: എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പോർക്കളം തെളിഞ്ഞ് പാലാ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
കേരള കോൺഗ്രസ്-എമ്മിലെ തർക്കം സൃഷ്ടിച്ച അസ്വസ്ഥതയിൽ പാർട്ടി ചിഹ്നമായ രണ്ടിലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് മത്സരിക്കാനാകുമോയെന്ന ചോദ്യം അവസാന മണിക്കൂറിലും ഉയരുന്നു. രണ്ടില ചിഹ്നം കിട്ടാൻ സാദ്ധ്യത വിരളമെന്ന് തന്നെയാണ് യു.ഡി.എഫ് കേന്ദ്രങ്ങളിലെ സംസാരം. അല്ലെങ്കിൽ പി.ജെ. ജോസഫ് മഹാമനസ്കത കാട്ടി വിട്ടുവീഴ്ച ചെയ്യണം. അതുണ്ടാകുമോയെന്നതിലാണ് ആകാംക്ഷ.
മാണി സി.കാപ്പന്റെ സ്ഥാനാർത്ഥിത്വം നേരത്തേ പ്രഖ്യാപിക്കുകയും പ്രചരണത്തിൽ ബഹുദൂരം മുന്നേറുകയും ചെയ്ത ഇടതുമുന്നണിയുടെ നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണിയുടെ മുൻനിരനേതാക്കളെല്ലാം അണിനിരക്കും. . കേരള കോൺഗ്രസിലെ അസ്വാരസ്യങ്ങൾ വോട്ടർമാരിൽ സൃഷ്ടിക്കുന്ന ഭിന്നവികാരങ്ങൾ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാവുമെന്നാണ് ഇടത് നേതൃത്വം കരുതുന്നത്. എൻ.സി.പിയാണ് മത്സരിക്കുന്നതെങ്കിലും സി.പി.എം തന്നെയാണ് പ്രചരണത്തിന്റെ ചുക്കാനേറ്റെടുത്തിട്ടുള്ളത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ മണ്ഡലത്തിലെത്തി പ്രചരണതന്ത്രങ്ങൾ ചർച്ച ചെയ്തു.
ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത ഒരു വിഭാഗത്തിന്റെ നടപടിക്ക് കോടതിയുടെ സ്റ്റേ വന്നതോടെയാണ് പന്ത് പി.ജെ. ജോസഫിന്റെ കോർട്ടിലായത്. നിലവിൽ പാർട്ടി വർക്കിംഗ് ചെയർമാനെന്ന നിലയിൽ ജോസഫിനാണ് അധികാരമെന്നിരിക്കെ, രണ്ടില ചിഹ്നം അനുവദിക്കാൻ അദ്ദേഹം കനിയേണ്ട സ്ഥിതിയാണ്. തന്റെ നേതൃത്വം അംഗീകരിച്ചാൽ മാത്രം ചിഹ്നം അനുവദിക്കാമെന്ന നിലപാട് അദ്ദേഹമെടുത്തത് കാര്യങ്ങൾ വരുതിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ട് തന്നെ. ജോസഫിനോട് നിർബന്ധിക്കാൻ കോൺഗ്രസ് നേതൃത്വത്തെ വിമുഖരാക്കുന്നതും ഇതൊക്കെയാണ്. കെ.എം. മാണി യു.ഡി.എഫ് വിട്ടുനിന്നപ്പോൾ തിരിച്ചെത്തിക്കാനൊക്കെ ഇടപെട്ട ജോസഫിനെ പിണക്കാൻ കോൺഗ്രസ് നേതൃത്വം താല്പര്യപ്പെടുന്നില്ല. എന്നാൽ, തർക്കം പാലായിലെ ഫലത്തെ ബാധിക്കുമെന്ന അവസ്ഥയിൽ കോൺഗ്രസിന് ഇടപെടാതിരിക്കാനുമാവില്ലെന്ന നിലയാണ്.
എൻ.ഡി.എ സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച എൻ. ഹരിയെയാണ് ബി.ജെ.പി നിശ്ചയിച്ചിരിക്കുന്നത്. പി.സി. തോമസിന് വേണ്ടി ചില വാദഗതികളുയർന്നെങ്കിലും അവസാനം ബി.ജെ.പിയിലേക്ക് തന്നെ കാര്യങ്ങളെത്തുകയായിരുന്നു.