tita
ടൈറ്റാനിയം

തിരുവനന്തപുരം:ട്രാവൻകൂർ ടൈറ്റാനിയത്തിൽ 256 കോടി രൂപ ചെലവിൽ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ കൊണ്ടുവന്ന പദ്ധതിയിലെ വമ്പൻ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ വ്യവസായ മന്ത്രിമാരായ വി.കെ.ഇബ്രാഹിംകുഞ്ഞ്, എളമരം കരിം എന്നിവർ ആരോപണവിധേയരും കമ്പനി ഉദ്യോഗസ്ഥർ പ്രതികളുമായ കേസാണിത്.

പദ്ധതിക്കായി 72 കോടിയിലേറെ കൈപ്പറ്റിയ രണ്ട് വിദേശ കമ്പനികളെ കണ്ടെത്താനാവാത്തതിനാലും അന്യസംസ്ഥാന കമ്പനികൾക്ക് പങ്കുള്ളതിനാലും സി.ബി.ഐ അന്വേഷിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു. ഇതുവരെ 80 കോടിയുടെ നഷ്ടം കണ്ടെത്തിയതായി വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തേ രണ്ടു തവണ അന്വേഷണം സിബിഐക്ക് വിട്ടെങ്കിലും അവർ ഏറ്റെടുത്തിരുന്നില്ല.

വിജിലൻസ് കണ്ടത്തിയ

അഴിമതികൾ

 മലിനീകരണം കാരണം അടച്ചുപൂ‌ട്ടൽ ഭീഷണിയിലായ കമ്പനിയെ രക്ഷിക്കാൻ

ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ രൂപം നൽകിയ 108കോടിയുടെ പദ്ധതി പിന്നീട് 256 കോടിയുടേതായി മാറ്റുകയായിരുന്നു. തുടക്കം മുതൽ അഴിമതിക്ക് ആസൂത്രിതമായ ശ്രമമുണ്ടായി.  പദ്ധതിക്ക് തറക്കല്ലിടും മുൻപ് 109കോടി അനുവദിച്ചതിൽ ക്രമക്കേടുണ്ടായിരുന്നു. 2006 മാർച്ചിൽ മെക്കോൺ കമ്പനിക്ക് 72 കോ­ടി­യും ഉപകരാറെടുത്ത ചെന്നൈ കമ്പനി വി.എ ടെക്കിന് 32.08 കോ­ടിയും കൺസൾട്ടൻസി ചാർജായി 5.56 കോടിയുമാണ് തിടുക്കത്തിൽ അനുവദിച്ചത്. ഇതിന്റെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു.

 പദ്ധതിയുടെ അവസാനഘട്ടത്തിലേക്കുള്ള 89.79 കോടി രൂപയുടെ യന്ത്രസാമഗ്രികൾ ആദ്യമേ വിദേശത്ത് നിന്ന് വാങ്ങിക്കൂട്ടിയതാണ് വൻഅഴിമതി. ഈസമയത്ത് 127കോടിയുടെ ആദ്യഘട്ടത്തിന് മാത്രമേ പാരിസ്ഥിതിക അനുമതിയുണ്ടായിരുന്നുള്ളൂ. ഈ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിച്ചു. ഇറക്കുമതിച്ചുങ്കവും പലിശയുമടക്കം 45കോടി കിട്ടാനുള്ള കസ്റ്റംസ് കമ്പനി ജപ്തിക്കൊരുങ്ങുന്നു.

 120 കോടി വാർഷിക വിറ്റുവരവുള്ള ടൈറ്റാനിയത്തിൽ 256 കോടിയുടെ മലിനീകരണ നിയന്ത്രണ പ്ലാന്റ് പ്രായോഗികമാണോയെന്ന് പരിശോധിച്ചില്ല. പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ കമ്പനിക്ക് 70 കോടി വാർഷിക നഷ്ടം ഉണ്ടാവുമായിരുന്നു. പ്ലാന്റിന്റെ വാർഷിക പ്രവർത്തനച്ചെലവ് മാത്രം 45 കോടി ആകുമായിരുന്നു. ടൈറ്റാനിയം 15.50 കോടി വാർഷിക നഷ്‌ടത്തിലായിരിക്കേയാണ് ഈ പ്ലാന്റിന് ഡയറക്‌ടർ ബോർഡ് അനുമതി നൽകിയത്. ഇത് വൻ അഴിമതിക്കായിരുന്നു.ഈ പദ്ധതി പിന്നീട് ഉപേക്ഷിച്ചു. പകരം ചെ­ന്നൈ ഐ.ഐ.­ടി­യി­ലെ ഡോ. പു­ഷ്പ­വ­ന­ത്തി­ന്റെ കമ്മി­റ്റി­ തയ്യാറാക്കിയ 86കോടിയുടെ പദ്ധതി ഇപ്പോൾ നടപ്പാക്കുകയാണ്.

പ്രതികൾ

ടൈറ്റാനിയം മുൻ എം. ഡി ഈപ്പൻ ജോസഫ്, ചീഫ് മാർക്കറ്റിംഗ് മാനേജരായിരുന്ന സന്തോഷ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഭാസ്‌കരൻ, കൊമേഴ്സ്യൽ മാനേജർമാരായിരുന്ന തോമസ് മാത്യു, വി.ഗോപകുമാർ നായർ, കമ്പനി പ്രതിനിധിയായി എം. ഡി. ഇടനിലക്കാരൻ ഗ്രിന്റെക്‌സ്‌ രാജീവൻ, മെക്കോൺ ജനറൽ മാനേജർ ഡി.കെ.ബസു എന്നിവരെ കണ്ടെത്താനായില്ല.

ആരോപണ നിഴലിൽ

ടൈറ്റാനിയം കേസിൽ വിജിലൻസ് കോടതി നടത്തിയ പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്റിയായിരുന്ന ഉമ്മൻചാണ്ടി ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ ഒഴിഞ്ഞിരുന്നു.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരെ പ്രതിചേർക്കണമെന്ന് പരാതിക്കാരനായ മുൻ ടൈറ്റാനിയം ജീവനക്കാരൻ ജയൻ ആവശ്യപ്പെട്ടിരുന്നു. തെളിവ് ലഭിച്ചാൽ പ്രതിചേർക്കാമെന്നായിരുന്നു വിജിലൻസ് നിലപാട്. രമേശ് ചെന്നിത്തലയ്‌ക്ക് അന്ന് ഭരണച്ചുമതല ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തെ പ്രതിചേർത്തിട്ടില്ല.