തിരുവനന്തപുരം: ഈ വർഷത്തെ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ കാർഷിക വായ്പകൾക്കും സർക്കാർ പ്രഖ്യാപിച്ച ഒരു വർഷത്തെ മോറട്ടോറിയത്തിന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എൽ.ബി.സി) അംഗീകാരം നൽകി. ദുരന്തബാധിത മേഖലകളായി സർക്കാർ പ്രഖ്യാപിച്ച 13 ജില്ലകളിലെ 1038 വില്ലേജുകൾക്കും മോറട്ടോറിയം ബാധകമാണ്. ഇൗ വർഷം ആഗസ്റ്റ് 23 മുതൽ ഒരു വർഷമായിരിക്കും പുതിയ മോറട്ടോറിയത്തിന്റെ കാലാവധി.
കർഷകരുടെ എല്ലാ വിധ വായ്പകളും കൃഷി ഉപജീവന മാർഗമായുള്ളവരുടെ മറ്റു വായ്പകളും മോറട്ടോറിയം പരിധിയിൽവരും. അതേസമയം, റിസർവ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ മോറട്ടോറിയം നടപ്പാക്കാനാകൂ. കഴിഞ്ഞ വർഷം പ്രളയകാലത്ത് ഏർപ്പെടുത്തിയ മോറട്ടോറിയത്തിനു സമാനമായ മാനദണ്ഡങ്ങളാണ് ഇത്തവണയും ഉണ്ടാവുക. വീടും കൃഷിഭൂമിയും ഒലിച്ചുപോയതടക്കം 50 ശതമാനത്തിലേറെ നാശനഷ്ടം ഉണ്ടായവരുടെ വായ്പകൾക്ക് ഒരു വർഷത്തിൽ കൂടുതൽ കാലയളവ് മോറട്ടോറിയം അനുവദിക്കുന്ന വിഷയം ഇന്നു ചേരുന്ന ബാങ്കേഴ്സ് ഉപസമിതി പരിശോധിച്ച് തീരുമാനിക്കും. സംസ്ഥാനത്ത് 39,170 ഹെക്ടറിലായി 19,148 കോടിയുടെ കാർഷികനഷ്ടമാണ് ഉണ്ടായത്.
അതേസമയം, പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട് മാനസികസമ്മർദത്തിൽ കഴിയുന്ന കർഷകരെ കൂടുതൽ സമ്മർദ്ദത്തിലേക്ക് തള്ളുന്ന സമീപനം ബാങ്കുകൾ ഒഴിവാക്കണമെന്ന് യോഗത്തിന് ശേഷം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഏകപക്ഷീയമായ കർശന നടപടിക്ക് പകരം ബാങ്കുകൾ ഇക്കാര്യത്തിൽ അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. വായ്പാതിരിച്ചടവിൽ സാങ്കേതികത്വങ്ങൾക്കപ്പുറം മനുഷ്യത്വപരമായ നിലപാടെടുക്കണം. കേന്ദ്രത്തിന്റെ ഉന്നതതല സമിതി പ്രളയമേഖലകളിലെ വായ്പകൾക്ക് പലിശ ഇളവ് നൽകിയിട്ടില്ല. വരൾച്ച മാത്രമാണ് അവരുടെ പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ വീണ്ടും കേന്ദ്രത്തിന് കത്തെഴുതുമെന്നും മന്ത്രി അറിയിച്ചു.