തിരുവനന്തപുരം: ചന്ദ്രയാൻ-2 പേടകത്തിൽ നിന്ന് തിങ്കളാഴ്ച വേർപെടുത്തിയ ലാൻഡറിന്റെ ഭ്രമണപഥം ഇന്നലെ വീണ്ടും താഴ്ത്തിയതോടെ ചന്ദ്രനിലേക്ക് കൂടുതൽ അടുത്തു. രാവിലെ 8.50ന് ലാൻഡറിലെ ദ്രവ എൻജിൻ നാലു സെക്കൻഡ് പ്രവർത്തിപ്പിച്ചാണ് ചന്ദ്രന്റെ 104 കിലോമീറ്റർ അടുത്തെത്തിച്ചത്. മാതൃപേടകത്തിൽ നിന്ന് വേർപെട്ട ശേഷം ആദ്യമായാണ് ലാൻഡറിന്റെ എൻജിൻ ജ്വലിപ്പിച്ചത്. ഇന്നു പുലർച്ചെ ഭ്രമണപഥം വീണ്ടും താഴ്ത്തി 30 കിലോമീറ്റർ അടുത്തേക്ക് എത്തിക്കും.
പേടകത്തിന്റെയും ലാൻഡറിന്റെയും പ്രവർത്തനം തൃപ്തികരമാണെന്ന് ഐ.എസ്.ആർ.ഒ ട്വിറ്ററിൽ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ലാൻഡർ ചന്ദ്രനിലേക്ക് താഴ്ന്നിറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ബംഗളൂരു ബയലാലുവിലെ മിഷൻ ഒാപ്പറേഷൻസ് കോംപ്ളക്സിനാണ് പേടകത്തിന്റെയും ലാൻഡറിന്റെയും നിയന്ത്രണം.