വിൻഡീസിൽ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച് ഇന്ത്യൻ ടീമിന്റെ രാജകീയ പര്യടനം
ജമൈക്ക : കരീബിയൻ പര്യടനത്തിലെ ഒറ്റ മത്സരത്തിൽപ്പോലും തോൽക്കാതെ വിരാടും സംഘവും ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉന്നതിയിലെത്തിച്ചു. കഴിഞ്ഞ രാത്രി ജമൈക്കയിലെ രണ്ടാം ടെസ്റ്റിൽ വിൻഡീസിനെ 257 റൺസിന് തകർത്ത് ഇന്ത്യ 2-0ത്തിന് പരമ്പര തൂത്തുവാരുകയായിരുന്നു. ട്വന്റി - 20 ഏകദിന പരമ്പരകളിലും ഒരു മത്സരത്തിൽപ്പോലും ജയിക്കാൻ ഇന്ത്യ ആതിഥേയരെ അനുവദിച്ചിരുന്നില്ല. ഈ വിജയത്തോടെ നായകനായി ടെസ്റ്റ് വിജയങ്ങളുടെ എണ്ണത്തിൽ വിരാട് കൊഹ്‌ലി മഹേന്ദ്രസിംഗ് ധോണിയെ മറികടക്കുകയും ചെയ്തു.
ജമൈക്കയിൽ ആദ്യ ഇന്നിംഗ്സിൽ 416 റൺസ് നേടിയിരുന്ന ഇന്ത്യ വിൻഡീസിനെ 117 റൺസിന് ആൾ ഔട്ടാക്കിയെങ്കിലും ഫോളോ ഓണിനിറക്കിയില്ല. പകരം രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങി 168/4 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. ഇപ്പോടെ 468 റൺസ് ലക്ഷ്യവുമായി മൂന്നാം ദിനം ഒടുവിൽ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിൻഡീസ് നാലാം ദിനം ചായയ്ക്ക് മുന്നേ 210 റൺസിന് ആൾ ഔട്ടാവുകയായിരുന്നു.
ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും (111) രണ്ടാം ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറിയും (53) നേടിയ ഹനുമ വിഹാരിയാണ് മത്സരത്തിലെ മാൻ ഒഫ് ദ മാച്ച്. വിദേശ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറിയും നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് ഹനുമ വിഹാരി. പോളി ഉമ്രിഗർ, മൻസൂർ അലിഖാൻ പട്ടൗഡി, സച്ചിൻ, ജയ്‌സിംഹ എന്നിവരാണ് ഇക്കാര്യത്തിലെ മുൻഗാമികൾ.
വിൻഡീസിന്റെ ആദ്യ ഇന്നിംഗ്സിൽ ഹാട്രിക് അടക്കം 27 റൺസ് വഴങ്ങി. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ‌്പ്രീത് ബുംറയാണ് തിളങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ജഡേജയും ഷമിയും ബൗളിംഗിൽ തിളങ്ങി. ഇശാന്ത് രണ്ട് വിക്കറ്റും ഷമി ഒരു വിക്കറ്റും വീഴ്ത്തി.
45/2 എന്ന നിലയിൽ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് വേണ്ടി ബ്രൂക്ക്സ് (50) അർദ്ധ സെഞ്ച്വറി നേടി പൊരുതി നോക്കി. നായകൻ ജാസൺ ഹോൾഡർ 39 റൺസും തലയ്ക്ക് പരിക്കേറ്റ ഡാരൻ ബ്രാവോയ്ക്ക് സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ബ്ളാക്ക് വുഡ് 38 റൺസും നേടി.
3-0
മൂന്ന് ട്വന്റി - 20 കളുടെ പരമ്പരയിലെ ഇന്ത്യയുടെ വിജയമാർജിൻ
2-0
മൂന്ന് ഏകദിനങ്ങളിൽ ഒന്ന് മഴയെടുത്തപ്പോൾ ഇന്ത്യയുടെ പരമ്പര മാർജിൻ
2-0
ടെസ്റ്റിലെ ഇന്ത്യൻ വിജയമാർജിൻ
318
റൺസിനാണ് ഇന്ത്യ ആദ്യ ടെസ്റ്റിൽ വിജയിച്ചത്.
257 റൺസിന് രണ്ടാം വിജയം
7-0
ഈ പര്യടനത്തിൽ ഏഴ് മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചത്.
28
ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നൽകിയ ഇന്ത്യൻ നായകനായി വിരാട് കൊഹ്‌ലി. ധോണിയുടെ 27 വിജയങ്ങളുടെ റെക്കാഡാണ് കൊഹ്‌ലി മറികടന്നത്. 45 മത്സരങ്ങളിൽ നിന്നാണ് കൊഹ്‌ലി 28 വിജയങ്ങൾ നേടിയത്. ധോണി 60 മത്സരങ്ങളിൽ 27 എണ്ണമാണ് വിജയിച്ചത്.
ഒരു ഇന്നിംഗ്സിൽ പോലും 250 റൺസെങ്കിലും നേടാൻ കഴിയാതെയാണ് വിൻഡീസ് ബാറ്റിംഗ് നിര തകർന്നടിഞ്ഞത്.
120
പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ചതോടെ ഇന്ത്യയ്ക്ക് ഐ.സി.സി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 120 പോയിന്റായി. ഇന്ത്യയാണ് പട്ടികയിൽ മുന്നിൽ.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക
(ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ്)
ഇന്ത്യ 2-2-0-0-120
ന്യൂസിലൻഡ് 2-1-1-0-60
ശ്രീലങ്ക 2-1-1-0-60
ആസ്ട്രേലിയ 3-1-1-1-32
ഇംഗ്ളണ്ട് 3-1-1-1-32
ഇന്ത്യൻ സ്റ്റാർസ് ഒഫ് ദ സിരീസ്
ജസ്‌പ്രീത് ബുംറ
13 വിക്കറ്റുകളാണ് ബുംറ രണ്ട് ടെസ്റ്റുകളിൽ നിന്ന് വീഴ്ത്തിയത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഏഴ് റൺസ് നൽകി അഞ്ച് വിക്കറ്റ്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗസിൽ ഹാട്രിക് അടക്കം ആറ് വിക്കറ്റ്.
ഇശാന്ത് ശർമ്മ
ആകെ 11 വിക്കറ്റുകൾ. ആദ്യ ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടം. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 57 റൺസ് നേടി. കരിയറിലെ ആദ്യ അർദ്ധ സെഞ്ച്വറി.
രവീന്ദ്ര ജഡേജ
6 വിക്കറ്റുകളും 75 റൺസുമായി മികച്ച ആൾ റൗണ്ട് പ്രകടനം. ആദ്യ ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി (58)
അജിങ്ക്യ രഹാനെ
271 റൺസ്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും. രണ്ടാം ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി.
ഹനുമ വിഹാരി
289 റൺസ്. ആദ്യ ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി. രണ്ടാം ടെസ്റ്റിൽ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും
മായാങ്ക് അഗർവാൾ, വിരാട് കൊഹ്‌ലി, കെ.എൽ. രാഹുൽ, ഷമി തുടങ്ങിയവർ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചപ്പോൾ ഋഷഭ് പന്ത്, ചേതേശ്വർ പുജാര എന്നിവരാണ് ബാറ്റിംഗിൽ നിരാശപ്പെടുത്തിയത്.
ട്വന്റി - 20 സ്പെഷ്യലിസ്റ്റായി അറിയപ്പെട്ടിരുന്ന ജസ്‌പ്രീത് ബുംറ ഏകദിനത്തിലും ട്വന്റി - 20യിലും ഏറ്റവും പൂർണനായ ബൗളറായി മാറിയിരിക്കുന്നു. ഇക്കാലത്തെ ഏറ്റവും മികച്ചപേസ് ബൗളർ ബുംറ തന്നെ. ബുംറ, അജിങ്ക്യ, ഇശാന്ത്, ജഡേജ, ഷമി, വിഹാരി തുടങ്ങിയവരുടെയൊക്കെ കൂട്ടായ പരിശ്രമമാണ് ഇന്ത്യയ്ക്ക് സമ്പൂർണ വിജയം സമ്മാനിച്ചത്.
വിരാട് കൊഹ്‌ലി