തിരുവനന്തപുരം: പ്ലാന്റേഷനിലെ എല്ലാ ജീവനക്കാർക്കും ക്ഷാമബത്ത കുടിശിക മൂന്നു ഗഡുക്കളായി മൂന്നു മാസത്തിനുള്ളിൽ കൊടുത്തുതീർക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. മുൻ വർഷം നൽകിയ അതേ തുക തന്നെ ബോണസും ഓണസമ്മാനവുമായി നൽകുന്നതിനും ഇന്നലെ മന്ത്രി വിളിച്ചുചേർത്ത തൊഴിലാളി പ്രതിനിധികളുമായുള്ള ചർച്ചയിൽ തീരുമാനിച്ചു. ഇതനുസരിച്ച് 20 ശതമാനം ബോണസും ഒരു ശതമാനം പ്രൊഡക്‌ഷൻ ഇൻസന്റീവും ഓണസമ്മാനമായി 7920 രൂപയും ചേർത്ത് 25560 രൂപ ജീവനക്കാർക്ക് ലഭിക്കും.
ബോണസിന് അർഹതയില്ലാത്തവർക്ക് 14650 രൂപ ഫെസ്റ്റിവൽ അലവൻസായി നൽകും.ഇതോടൊപ്പം ഒരു ശതമാനം പ്രൊഡക്‌ഷൻ ഇൻസന്റീവും ഓണസമ്മാനമായി 7920 രൂപയും നൽകുന്നതിനും തീരുമാനമായി. തൊഴിലാളികൾക്ക് ഓണം അഡ്വാൻസായി 10000 രൂപ നൽകും. ഇതു 10 ഗഡുക്കളായി തിരിച്ചടയ്ക്കണം.

അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, ലേബർ കമ്മിഷണർ സി.വി.സജൻ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.