തിരുവനന്തപുരം: കമലേശ്വരം വാർഡിലെ ഗംഗാനഗറിൽ നിലംനികത്തിയെന്ന പേരിൽ ടിപ്പർലോറിയും ജെ.സി.ബിയും പൊലീസ് പിടിച്ചെടുത്തിട്ട് 36 ദിവസം കഴിയുമ്പോൾ ഈ വിഷയത്തിൽ വില്ലേജ് ഓഫീസർ കളക്ടറെ തെറ്റിദ്ധരിപ്പിച്ചതായി വിവരം. നിലമാണെന്ന് വില്ലേജ് ഓഫീസർ ശൈലജൻ പറയുന്ന വസ്‌തു വർഷങ്ങൾക്ക് മുമ്പേ പുരയിടമാണെന്ന് കൃഷിഓഫീസറും മുൻ വില്ലേജ് ഓഫീസറും സാക്ഷ്യപ്പെടുത്തിയ രേഖകൾ പുറത്തുവന്നതോടെയാണ് സംഭവത്തിൽ കള്ളക്കളി നടത്തിയതായി സംശയമുയർന്നത്. പൂന്തുറ സ്റ്റേഷനിലെ എ.എസ്.ഐയുമായ വിജയൻ ഇതുസംബന്ധിച്ച രേഖകൾ കളക്ടർക്ക് സമർപ്പിച്ചതോടെ കളക്ടർ വില്ലേജ് ഓഫീസറോട് വിവാദ ഭൂമി സംബന്ധിച്ച കരട് ഡാറ്റാ ബാങ്ക് പകർപ്പ് ആവശ്യപ്പെട്ടെങ്കിലും രേഖകൾ കാണാനില്ലെന്ന് മറുപടി നൽകിയെന്നാണ് വിവരം. ഇതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കളക്ടർ അറിയിച്ചു. ജൂലായ് 26നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഗംഗാനഗറിലെ നഗരസഭയുടെ 45 സെന്റ് സ്ഥലത്ത് ആഡിറ്റോറിയം നിർമ്മിക്കുന്നതിനുള്ള സ്ഥലത്ത് കെട്ടിക്കിടന്ന മാലിന്യങ്ങളാണ് സമീപത്തെ മറ്റൊരു പുരയിടത്തിലേക്ക് ഉടമസ്ഥന്റെ സമ്മതത്തോടെ മാറ്റിയത്. നഗരസഭയുടെ വാഹനം കേടായതിനെ തുടർന്ന് വാർഡ് കൗൺസിലർ ഗിരിയുടെ നിർദ്ദേശപ്രകാരമായിരുന്നു മാലിന്യം നീക്കിയത്. പ്രദേശത്തെ ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പൊലീസെത്തുകയും തുടർന്ന് റവന്യു അധികൃതരാണ് ടിപ്പർലോറിയും ജെ.സി.ബിയും കസ്റ്റഡിയിലെടുത്തത്. നിലം നികത്തിയതല്ലെന്നും നഗരസഭയുടെ ആവശ്യത്തിനായി മാലിന്യം നീക്കിയതാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പൂന്തുറ എസ്.ഐയും വില്ലേജ് ഓഫീസറും അത് കേൾക്കാൻ തയ്യാറായില്ലെന്നും പ്രതികാര ബുദ്ധിയോടെ പ്രവർത്തിച്ചെന്നും കൗൺസിലർ ഗിരി ആരോപിച്ചു.

കള്ളപരാതിയിൽ സസ്‌പെൻഷനും ?

റവന്യു അധികൃതർ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ വിട്ടുകിട്ടാൻ എ.എസ്.ഐ വിജയകുമാർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് വില്ലേജ് ഓഫീസർ ശൈലജൻ നൽകിയ പരാതിയിൽ വിജയകുമാറിനെ കഴിഞ്ഞ ദിവസം സസ്‌പെ‌ൻഡ് ചെയ്‌തിരുന്നു. എന്നാൽ എസ്.ഐയുടെ ഉൾപ്പെടെ സാന്നിദ്ധ്യത്തിൽ മാത്രമാണ് സംഭവ ദിവസം വില്ലേജ് ഓഫീസറോട് സംസാരിച്ചതെന്നും കള്ളപ്പരാതി നൽകി തന്നെ മനപൂർവം വേട്ടയാടുകയാണെന്നും വിജയകുമാർ പറഞ്ഞു.