india-a-cricket
india a cricket

# കാര്യവട്ടത്ത് ഇന്ത്യ - എ ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം ഇന്ന്

# ഇന്ത്യൻ ടീമിൽ സീനിയർ താരം ശിഖർ ധവാനും കളിക്കും

# ശ്രേയസ് അയ്യർ നയിക്കും, സഞ്ജു സാംസൺ ടീമിൽ

തിരുവനന്തപുരം : എ ടീമുകളുടെ കളിയാണെന്നതും പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞു എന്നതും കാര്യമാക്കേണ്ട, ക്രിക്കറ്റ് ആരാധകർക്ക് ആവേശം നിറയ്ക്കാൻ കാര്യവട്ടത്തേക്ക് വരാം. കാരണം ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നാലാം ഏകദിന മത്സരത്തിനിറങ്ങുന്ന ഇന്ത്യ എ ടീമിൽ സൂപ്പർ സ്റ്റാറായി ശിഖർ ധവാൻ കളിക്കാനുണ്ടാകും. മറുനാടൻ മലയാളിയായ ശ്രേയസ് അയ്യരാണ് ഇന്ത്യൻ ടീമിനെ നയിക്കുക. തീർന്നില്ല നമ്മുടെ സ്വന്തം സഞ്ജു സാംസണും കാര്യവട്ടത്ത് കളിക്കാനിറങ്ങും.

കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയം നേടി ഇന്ത്യ എ പരമ്പര നേടിക്കഴിഞ്ഞു. ഈ മത്സരത്തിൽ ഇന്ത്യ എയെ നയിച്ചിരുന്ന മനീഷ് പാണ്ഡെയ്ക്ക് പകരമാണ് ശ്രേയസ് അയ്യർ ക്യാപ്ടനായി വരുന്നത്.

ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ശേഷം വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ട്വന്റി - 20 ഏകദിന ഫോർമാറ്റുകളിൽ ശിഖർ ധവാൻ കളിച്ചിരുന്നുവെങ്കിലും ഫോം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യ എ ടീമിൽ ധവാനെ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം സിരീസിന് മുമ്പ് ഫോം വീണ്ടെടുക്കുകയാണ് ലക്ഷ്യം.

ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരിച്ചുവരാനുള്ള സഞ്ജു സാംസണിന്റെ സുവർണാവസരമാണിത്. കഴിഞ്ഞ മത്സരങ്ങളിൽ വിക്കറ്റ കീപ്പറായിരുന്ന ഇശാൽ കിഷന് പകരമാണ് സഞ്ജു ഇറങ്ങുക.

പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശുഭ്‌മാൻ ഗിൽ, ശിവം ദുബെ തുടങ്ങിയവർ ഇന്ത്യ എ ടീമിലുണ്ട്.

ഇന്ത്യ എ സ്ക്വാഡ്

ശ്രേയസ് അയ്യർ, ശിഖർ ധവാൻ, ശുഭ്‌മാൻ ഗിൽ, അനുമോൽ പ്രീത് സിംഗ്, സഞ്ജു സാംസൺ, നിതീഷ് റാണ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചഹർ, ശാർദ്ദൂൽ, താക്കൂർ, ദേശ് പാണ്ഡെ, റിക്കി ഭുയി, ചോപ്ര, അക്‌സർ പട്ടേൽ, ഇശാൻ പോരേൽ,

മത്സരങ്ങൾ രാവിലെ 9 മണിമുതൽ

8.30 മുതൽ സ്റ്റേഡിയത്തിൽ സൗജന്യ പ്രവേശനം