ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസിലെ വലിയ അട്ടിമറിയിൽ നിലവിലെ ചാമ്പ്യനും ഒന്നാം റാങ്കുകാരിയുമായ ജാപ്പനീസ് താരം നവോമി ഒസാക്ക പ്രീ ക്വാർട്ടറിൽ പുറത്തായി. 13-ാം സീഡ് സ്വിസ് താരം ബെലിൻഡ ബെൻസിച്ചാണ് നേരിട്ടുള്ള സെറ്റുകൾക്ക് നവോമിയെ അട്ടിമറിച്ചത്. ഒരു മണിക്കൂർ 27 മിനിട്ട് നീണ്ട മത്സരത്തിൽ 7-5, 6-4 നാണ് ബെൻസിച്ച് നവോമിയെ കീഴടക്കിയത്. കഴിഞ്ഞ യു.എസ്. ഓപ്പണിന്റെ ഫൈനലിൽ സെറീനയെ അട്ടിമറിച്ചാണ് നവോമി കിരീടം നേടിയിരുന്നത്. ഈ വർഷത്തെ ആസ്ട്രേലിയൻ ഓപ്പണിലും നവോമിയായിരുന്നു ജേതാവ്.
പുരുഷ സിംഗിൾസിൽ രണ്ടാം സീഡ് റാഫേൽ നദാൽ ക്വാർട്ടറിലെത്തി. 22-ാം സീഡ് മാരിൻ സിലിച്ചിനെ നാലു സെറ്റ് പോരാട്ടത്തിൽ കീഴടക്കിയാണ് നദാൽ ക്വാർട്ടറിലേക്ക് കടന്നത്. 6-3, 3-6, 6-1, 6-2 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം. ആറാം സീഡ് അലക്സിസ് സ്വരേവിനെ അട്ടിമറിച്ച് 20-ാം സീഡ് ഡീഗോ ഷ്വാർട്സ്‌മാനും ക്വാർട്ടറിലെത്തി. സ്കോർ 3-6, 6-2, 6-4, 6-3.
ബിയാങ്ക ആൻദ്രെ സ്ക്യു, ഡോണ വെകിച്ച് എന്നിവരും വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിലെത്തി. ബിയാങ്ക 6-1, 4-6, 6-2 ന് ടൗൺ സെൻഡിനെയാണ് കീഴടക്കിയത്. വെകിച്ച് 6-7, 7-5, 6-3 ന് 26-ാം സീഡ് ജൂലിയ ജോർജസിനെ കീഴടക്കി.