തിരുവനന്തപുരം : തൊഴിലിലും ശമ്പളത്തിലും തങ്ങൾ നേരിടുന്ന വിവേചനത്തിനെതിരെ കായികാദ്ധ്യാപകർ ചട്ടപ്പടി സമരം ശക്തമാക്കിയതോടെ അവതാളത്തിലായ വിദ്യാഭ്യാസ വകുപ്പിന്റെ കായിക മേളകളുടെ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസമന്ത്രി ഇന്ന് അദ്ധ്യാപക സംഘടനകളുടെ യോഗം വിളിച്ചു.
ആവശ്യത്തിന് കായികാദ്ധ്യാപകരെ നിയമിക്കാതെ പാഠ്യ പദ്ധതിയും പരീക്ഷയും നടത്തുന്നതിനും ഹൈസ്കൂളിലെ കായികാദ്ധ്യാപകന്‍ പ്രൈമറി ശമ്പളം മാത്രം നൽകുന്നതിനുമെതിരെയാണ് ചട്ടപ്പടി സമരം. ജൂൺ 1 മുതൽ കായികാദ്ധ്യാപകർ സമരം നടത്തുകയാണ്. എന്നാൽ മറ്റ് അദ്ധ്യാപക സംഘടനകളെ കൂട്ടുപിടിച്ച് ഈ സമരം തകർക്കാനും കായിക മേളകൾ നടത്താനുമാണ് സർക്കാരിന്റെ ശ്രമം. ഇതിനായി മറ്റ് അദ്ധ്യാപകർക്ക് ഉപജില്ലാ സ്പോർട്സ് സെക്രട്ടറി സ്ഥാനം നൽകി ഉത്തരവായെങ്കിലും കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിൽ ഇവരെല്ലാം രാജിവച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെയാണ് സംഘടനകളുടെ യോഗം വിളിക്കാൻ മന്ത്രി തയ്യാറായത്.
എന്നാൽ സമരത്തിലുള്ള കായികാദ്ധ്യാപക സംഘടനയെ ഔദ്യോഗികമായി യോഗത്തിന്റെ കാര്യം അറിയിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.