governer

തിരുവനന്തപുരം: ഓഖിയും പ്രളയവും ഉരുൾപൊട്ടലുമുണ്ടായപ്പോൾ കേരളം കാട്ടിയ ഒരുമ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിലുമുണ്ടാവണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. സംസ്ഥാന സർക്കാർ ഒരുക്കിയ യാത്രഅയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ടു വർഷവും കനത്ത മഴയും പ്രളയവും കേരളത്തെ ദുരിതത്തിലാക്കി. എന്നാൽ ഇതിനിടയിലും പ്രതീക്ഷയുടെയും ഒരുമയുടെയും തിളക്കം കാണാനാവുന്നുണ്ട്.
കേരളത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ട്. നവകേരളം യാഥാർത്ഥ്യമാവുന്നതോടെ കേരള മോഡൽ ലോകത്തിനുതന്നെ മാതൃകയാവും. ഗവർണറും സംസ്ഥാനവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം എല്ലാ സംസ്ഥാനങ്ങളിലും അത്യന്താപേക്ഷിതമാണ്. കേരളത്തിൽ രണ്ടു ഭരണകാലത്തും ഈ അവസ്ഥ നിലനിന്നു. കേരള ഗവർണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമിഴ്‌നാട്ടിലെ നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ഒരുമിച്ചു ചെന്നത് അവിടത്തെ മാധ്യമങ്ങൾക്കെല്ലാം വലിയ അദ്ഭുതമായിരുന്നു. എല്ലാ അഭിപ്രായവ്യത്യാസങ്ങളെയും ഇല്ലാതാക്കുന്ന കേരള മോഡലായാണ് അവർ അതിനെ ഉയർത്തിക്കാട്ടിയത്. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കണമെന്ന ചിന്ത ഇവിടെ എല്ലാ വ്യത്യാസങ്ങൾക്കും മുകളിലാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഗവർണറുടെ ഇടപെടലുകളെ മനസിലാക്കാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോൾ സർക്കാരിനെ മാറ്റുന്നതിന് പകരം അത് പരിഹരിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തേണ്ടതെന്നാണ് താൻ വിശ്വസിക്കുന്നത്.
ജോലിയാണ് ആരാധന എന്നതായിരുന്നു എപ്പോഴും ആപ്തവാക്യം. തന്റെ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ എപ്പോഴും പോസിറ്റീവായാണ് എടുത്തതെന്നും അദ്ദേഹം ഓർമിച്ചു.

ഫോട്ടോ: സർക്കാർ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ ഗവർണർ പി.സദാശിവത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയുടെ ഭാര്യ കമല, ഗവർണറുടെ പത്നി സരസ്വതി, സ്പീക്കർ ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സമീപം