തിരുവനന്തപുരം: കത്തിക്കുത്തും അതിന് പിന്നാലെ ഉയർന്ന യൂണിവേഴ്സിറ്റി ഉത്തരക്കടലാസ്- പി.എസ്.സി പരീക്ഷാത്തട്ടിപ്പ് വിവാദവും ചൂഴ്ന്നുനിൽക്കുന്ന യൂണിവേഴ്സിറ്റി കോളേജ് വീണ്ടും വിവാദത്തിൽ. കോളേജിലെ ഒരു അദ്ധ്യാപകൻ ഒരു വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയാണ് ഇപ്പോൾ അകത്തളങ്ങളിൽ ചർച്ചാ വിഷയം. ഇതുസംബന്ധിച്ച പരാതി മേലധികാരികൾക്ക് നൽകിയെന്നാണ് 'ഫ്ളാഷി'ന് ലഭിച്ച വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കോളേജ് പ്രിൻസിപ്പലോ അധികൃതരോ തയാറാകുന്നില്ല. അതേസമയം പരാതിയെപ്പറ്റി നിഷേധിക്കാനോ പ്രതികരിക്കാനോ ആരും കൂട്ടാക്കുന്നില്ല.
യൂണിവേഴ്സിറ്റി കോളേജ് സ്റ്റാഫ് കൗൺസിലിൽ പരാതി ചർച്ച ചെയ്തെന്നാണ് വിവരം. പ്രിൻസിപ്പലിന് കിട്ടിയ പരാതി മുതിർന്ന അദ്ധ്യാപകരുൾപ്പെട്ട കൗൺസിലിന് കൈമാറുകയായിരുന്നുവത്രേ. ആരോപണ വിധേയനായ അദ്ധ്യാപകനും കൗൺസിൽ അംഗമാണ്. പെൺകുട്ടിയെ മുട്ടുകുത്തി ഇരുത്തിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം കത്തിക്കുത്തും വിവാദത്തെയും തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപകർ രണ്ടുതട്ടിലാണ്. ഇവരുടെ പടലപ്പിണക്കത്തിന്റെ ഭാഗമായി ഉയർന്ന പരാതിയാണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നു. പരാതി നൽകിയ സാഹചര്യത്തെക്കുറിച്ചോ പരാതിയെക്കുറിച്ചോ അദ്ധ്യാപകരിൽ പലർക്കും അറിയില്ല. എന്നാൽ ചില അദ്ധ്യാപകർ പരാതിയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ തനിക്ക് കിട്ടിയ പരാതി ചട്ടങ്ങൾ മറികടന്ന് പ്രിൻസിപ്പൽ യൂണിവേഴ്സിറ്റി കോളേജ് കൗൺസിലിൽ ചർച്ചയ്ക്ക് വയ്ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. കുട്ടികളിൽ നിന്ന് കിട്ടിയ പരാതി ഗ്രീവൻസസ് റീഡ്രസൽ സെല്ലിലാണ് കൈമാറേണ്ടിയിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം എല്ലാ സ്ഥാപനങ്ങളിലും പ്രവർത്തിക്കേണ്ട ഇൻേണൽ കംപ്ളയിന്റ് കമ്മിറ്റിക്ക് മുന്നിലും പരാതി ആദ്യം എത്തിയില്ല. പരാതി പുറത്തറിയാതിരിക്കാൻ അതീവ രഹസ്യസ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് അറിയുന്നത്. കോളേജിലെ കാന്റീനിൽ പാട്ട് പാടിയതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾക്കിടെ അഖിലെന്ന വിദ്യാർത്ഥിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് ഉത്തരക്കടലാസ് കണ്ടെത്തലും പി.എസ്.സി ക്രമക്കേടുൾപ്പെടെയുളള സംഭവങ്ങളും പുറത്തായത്. അതിപ്പോഴും പൊലീസ് അന്വേഷണത്തിലാണ്. അതിനിടെയാണ് പുതിയ പരാതിയും ഉയർന്നിരിക്കുന്നത്.