thovala-flower-market

കുഴിത്തുറ: ഓണം അടുത്തതോടെ കേരളത്തിന്റെ പൂക്കൂട എന്നറിയപ്പെടുന്ന തോവാള ഗ്രാമം ഉത്സവ ലഹരിയിലാണ്. ചിങ്ങ മാസത്തിന്റെ തുടക്കം മുതൽ ഉണർവേകി നിന്ന പൂ വിപണി ഞായറാഴ്ച മുതൽ പൂക്കളെ കൊണ്ട് നിറഞ്ഞു. ബംഗളൂരു, ദിൻഡുഗൽ എന്നീ സ്ഥലങ്ങളിൽ നിന്നാണ് തോവാളയ്ക്ക് പൂക്കൾ എത്തുന്നത്. പുലർച്ചെ 4 ന് മുൻപു തന്നെ ഉണരുന്ന വിപണി മുല്ല, ജമന്തി, പിച്ചി, വാടാമല്ലി, റോസാ, താമര തുടങ്ങിയ പൂക്കൾ കൊണ്ട് നിറയും. കേരളത്തിൽ നിന്നുള്ള പൂക്കച്ചവടക്കാരും പതിവിലും കൂടുതൽ വിലകൊടുത്താണ് പൂക്കൾ വാങ്ങുന്നത്. വരും ദിവസങ്ങളിൽ തിരക്ക് ഏറുമെന്നും വിലയിൽ മാറ്റമുണ്ടാകുമെന്നും കച്ചവടക്കാർ പറഞ്ഞു. ആവശ്യക്കാർ ഏറിയതോടെ കർഷകർക്കും കൂടുതൽ വില ലഭിക്കും. തോവാള ഗ്രാമത്തിൽ ഏകദേശം മൂവായിരത്തിൽപ്പരം കുടുംബങ്ങളുടെ വരുമാനം പൂക്കച്ചവടവുമായി ബന്ധപ്പെട്ടാണുള്ളത്. ഓണത്തിരക്കിലമർന്നതോടെ തോവാള ഗ്രാമം ഉത്സവ ലഹരിയിലാണ്.

ചരിത്രം

പഴയ തിരുവിതാംകൂറിലെ ഭാഗമാണ് ഈ പൂഗ്രാമം. തോവാള ചന്തയ്ക്ക് നൂറ് വർഷത്തിലേറെ പഴക്കമുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും ഇവിടെ പൂ വാങ്ങാൻ കച്ചവടക്കാർ എത്തുന്നുണ്ട്. തിരുവിതാംകൂർ രാജാക്കന്മാരാണ് ഇവിടത്തെ പൂകൃഷിക്കായി സഹായം ചെയ്തത്.

പ്രത്യേക സാഹചര്യം മനസിലാക്കി സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ അന്നത്തെ ദിവാൻ രാമയ്യൻ ദളവയ്ക്ക് നിർദ്ദേശം നൽകി. അങ്ങനെയാണ് ഇവിടെ പൂഗ്രാമം ഉണ്ടാകുന്നത്. അയിത്തം നിലനിന്ന കാലം പൂ വാങ്ങാൻ ആരും എത്തിയിരുന്നില്ല. സ്ഥിതി മനസിലാക്കിയ രാജാവ്

പത്മനാഭപുരം കൊട്ടാരത്തിലേക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും പൂക്കൾ തോവാളയിൽ നിന്ന് എത്തിക്കാൻ ഉത്തരവിട്ടു. അതോടെ പൂക്കളോടുള്ള അയിത്തം മാറി. രാജഭരണകാലംവരെയും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഇവിടെനിന്നാണ് പൂക്കൾ എത്തിച്ചിരുന്നത്. കാലം മാറിയപ്പോൾ തോവാളയും മാറി. പൂകൃഷി വ്യാപകമായി.

ഇന്ന് ലോകത്തിൽ അറിയപ്പെടുന്ന പൂമാർക്കറ്റാണ് തോവാള. രാത്രിയും പുലർച്ചെയും പൂക്കളെകൊണ്ട് നിറഞ്ഞ വണ്ടികളാണ് ഇതുവഴി പോകുന്നത്. ആധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച ചന്തയിൽ വന്ന് വിലപേശി പൂ വാങ്ങാം.

പുലർച്ചെ മുതൽ ചന്ത തുടങ്ങും

രാവിലെതന്നെ പാടത്തിറങ്ങുന്ന കർഷകർ പൂക്കളുമായി എത്തുന്നതിന് രണ്ടു മണിക്കൂറോളം വേണം. തോവാളയിൽ ദിവസവും എട്ടു മുതൽ പത്ത് ടൺ വരെയാണ് പൂക്കൾ വിൽക്കുന്നത്. എന്നാൽ ഓണത്തിന് 15 ടണ്ണിലേറേയാണ് കച്ചവടം. ഗൾഫിലും മറ്റു വിദേശരാജ്യങ്ങളിലും പൂ പോകുന്നത് തിരുവനന്തപുരം വിമാനത്താവളം വഴിയാണ്.

ഫോട്ടോ: തോവാള പൂ വിപണിയിൽ വില്പനയ്ക്കായി നിരത്തിയിരിക്കുന്ന പൂക്കൾ