കണ്ണൂർ: കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ പണവും നിരോധിത മരുന്നുകളും മയക്കുമരുന്നുകളും എത്തിക്കുന്നുവെന്ന് സംശയം. വിമാനത്താവളങ്ങളിൽ അടുത്തിടെ പണവും നിരോധിതമരുന്നും പിടിച്ചെടുത്തത് സംബന്ധിച്ച അന്വേഷണം എത്തുന്നത് ഇത്തരം കേന്ദ്രങ്ങളിലേക്കാണെന്നാണ് സൂചന.
ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടിയ നിരോധിത മരുന്നുകൾ തീവ്രവാദ ഗ്രൂപ്പുകൾക്ക് വേണ്ടിയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വിവരം. ഐസിസ്, അൽഖ്വായ്ദ തീവ്രവാദ ഗ്രൂപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ മെത്താഫൈറ്റമിനാണ് പിടികൂടിയത്. ഇന്നലെ പിടികൂടിയ 530 ഗ്രാം മരുന്നിന് രണ്ടേമുക്കാൽ കോടിയോളം വില വരുമെന്നാണ് നർക്കോട്ടിക് വിഭാഗം പറയുന്നത്. സംഭവത്തിൽ കണ്ണൂർ കൊറ്റാളി കുഞ്ഞിപ്പള്ളി വീട്ടിൽ ജാബിർ (26) പിടിയിലായി.
ഇയാളുടെ സഹായിയായി ഉണ്ടായിരുന്ന മറ്റൊരാൾ വിദേശത്തേക്ക് കടന്നു. ജാബിറിനെ ചോദ്യംചെയ്ത് വരികയാണ്. രക്ഷപ്പെട്ട യുവാവിനെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി. ഹവാലപ്പണം പോലെ തന്നെ സംസ്ഥാനത്തേയ്ക്കുള്ള സ്വർണ കടത്തും വർദ്ധിച്ചിട്ടുണ്ട്.
2002 ൽ കേരളത്തിലേയ്ക്ക് 703 കോടി ഹവാല പണമാണ് എത്തിയത്. 2013 ലാകട്ടെ ഇത് 20 മടങ്ങിൽ അധികം വർദ്ധിച്ചു. ഈ പണത്തിൽ വലിയൊരു പങ്കും ചില പ്രത്യേക സംഘടനാ പ്രവർത്തനങ്ങൾക്കും തീവ്രവാദത്തിനും വേണ്ടി ഉപയോഗിയ്ക്കപ്പെടുന്നു എന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഹവാല നെറ്റ്‌വർക്ക് സംസ്ഥാനത്ത് മുൻ വർഷങ്ങളിലേതിനേക്കാൾ വളരെയധികം ശക്തി പ്രാപിച്ചതായി റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ വിലയിരുത്തലുണ്ട്.
ഡൽഹി, ബംഗളൂരു, അഹമ്മദാബാദ് സ്‌ഫോടനങ്ങൾക്ക് വേണ്ട സാമ്പത്തിക സഹായം ലഭിച്ചത് കേരളത്തിൽ നിന്നാണെന്ന് നേരത്തെ കണ്ടെത്തിയതാണ്. കേരളത്തിൽ നിന്നുള്ള ഹവാല പണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 23,000 കോടി ഹവാല പണമാണ് കേരളത്തിലേക്ക് ഒഴികിയതെന്നാണ് റവന്യു ഇന്റലിജൻസിന്റെ കണക്ക്. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലേക്കാണ് ഇത്തരം പണവും മരുന്നും എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മലപ്പുറം, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളാണ് ഹവാല ഇടപാടിൽ മുൻപന്തിയിൽ. പാകിസ്ഥാനിൽ നിന്നാണ് ഇടപാടുകൾ നിയന്ത്രിക്കുന്നതെന്നും ദേശീയ അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളങ്ങളിൽ എത്തുന്ന പണവും മരുന്നുകളും മത്സ്യബന്ധന യാനങ്ങളിലും സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘങ്ങൾ വഴിയുമാണ് തീവ്രാവദ ഗ്രൂപ്പുകളുടെ കൈയിലേക്ക് എത്തുന്നതെന്നാണ് സൂചന. പണം എത്തിക്കുന്നവർക്ക് ഉള്ള ലക്ഷ്യം കമ്മിഷൻ മാത്രമാണ്. പണത്തിന്റെ ഉറവിടവും, ഇത് എന്തിന് വേണ്ടി ചെലവാക്കുന്നു എന്നും അറിയാതെയാണ് കാരിയർമാരായി പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും പണം പിടിച്ചെടുത്താലും ഇതിന്റെ ഉറവിടം കണ്ടെത്താനാകാറില്ല.