ആലുവ: കുണ്ടറ ചന്ദനത്തോപ്പിൽ ഇറാനിയൻ ദമ്പതികൾ നടത്തിയ തട്ടിപ്പിന് സമാനമാണ് ഇന്നലെ ആലുവയിലും നടന്ന തട്ടിപ്പെന്ന് സംശയം. കുണ്ടറയിൽ കടയുടമയുടെ പഴ്സ് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ പിടിയിലായെങ്കിൽ ആലുവയിൽ അറബി സംസാരിക്കുന്നവർ പണവുമായി രക്ഷപ്പെടുകയായിരുന്നു. കുണ്ടറയിലെ മോഷണ സംഘവുമായി ആലുവയിലെ തട്ടിപ്പുകാർക്ക് പങ്കുണ്ടോ എന്നും ഇവർ യഥാർത്ഥ വിദേശികളാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അറബി സംസാരിച്ചെത്തിയ രണ്ട് പേർ ആലുവയിലെ സവാള മൊത്ത വ്യാപാരി ഷംന നിസാമിനെ കബളിപ്പിച്ചാണ് 30,000 രൂപ കവർന്നത്. സവാള വാങ്ങാനാണെന്ന വ്യാജേനയാണ് അറബി സംസാരിക്കുന്നവർ കടയിലെത്തിയത്. കുറച്ചു സവാള വാങ്ങിയ ശേഷം ഇവർ കടയുടമയ്ക്ക് 100 രൂപ നൽകിയിട്ട്, ഇതാണോ ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ നോട്ട് എന്ന് ചോദിച്ചു. അറിയാനുള്ള ആകാംഷയാണെന്ന് കരുതി കടയുടമ ബാഗിൽ നിന്നും 82,000 രൂപയുടെ കെട്ടിൽ നിന്നും 2000 രൂപ കാണിച്ചു. അറബികൾ അത് കൈയ്യിലെടുത്ത് നേക്കിയ ശേഷം തിരിച്ചു നൽകി. കടയുടമ പണം ബാഗിൽ തിരികെ വച്ചു. പിന്നീടാണ് ഷംല നിസാം തട്ടിപ്പുകാരായ അറബികളുടെ കഥ അറിയുന്നതും ബാഗ് പരിശോധിക്കുന്നതും. ഈ സമയമാണ് ബാഗിൽ മുപ്പതിനായിരം രൂപയുടെ കുറവ് കണ്ടെത്തിയത്. വ്യാപാരിയുടെ ശ്രദ്ധതിരിച്ച് പണം തട്ടിയെടുക്കുകയായിരുന്നെന്നാണ് വ്യാപാരി പറയുന്നത്.
ഉടനെ ആലുവ പൊലീസ് സ്റ്റേഷനിൽ സി.സി.ടി.വി ദൃശ്യങ്ങളടക്കം ഷംല നിസാം പരാതി നൽകി. കുണ്ടറയിൽ പിടിയിലായത് ഇറാനിയൻ ദമ്പതികളെന്ന് അവകാശപ്പെടുന്ന അമീർ കാമിയാമിയും നസ്രിൻ കാമിയാമിയുമാണ്. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്. പ്രതികളുടെ ചിത്രം മാദ്ധ്യമങ്ങളിൽ വന്നപ്പോൾ നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിരുന്നു. എറണാകുളത്ത് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ പരിധിയിലും കൊല്ലം പൂയപ്പള്ളി, തൃശൂർ ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും ഇവർക്കെതിരെ സമാനമായ കേസുകളുണ്ട്. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആലുവയിലെ തട്ടിപ്പ് കേസിലെ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.