തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാതെ പൊലീസുകാരൻ ഗോകുൽ. ബറ്റാലിയൻ കോൺസ്റ്റബിൾ പരീക്ഷയിൽ രണ്ടാം റാങ്കുകാരനായ പ്രണവ് ഇയാളുടെ ബാല്യകാല സുഹൃത്താണ്. സമപ്രായക്കാരും അയൽവാസികളുമായ ഇരുവരും സഹപാഠികളാണ്. സഹപാഠിയല്ലെങ്കിലും കല്ലറ സ്വദേശി സഫീറും അടുത്ത സുഹൃത്താണ്. ബറ്റാലിയൻ കോൺസ്റ്റബിൾ പരീക്ഷയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകി സഹായിച്ചുവെന്നത് ശരിയാണെങ്കിലും എല്ലാ ചോദ്യങ്ങൾക്കും താൻ ഉത്തരം നൽകിയിട്ടില്ലെന്നും ചോദ്യം ചോർന്നതിനെപ്പറ്റി തനിക്ക് അറിയില്ലെന്നുമാണ് ഗോകുൽ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
സ്മാർട്ട് വാച്ചും ഫോണും ഉപയോഗിച്ച് പരീക്ഷാതട്ടിപ്പ് ആസൂത്രണം ചെയ്തത് പ്രണവാണ്. ഇതിനായി തന്റെ ഫോൺ പ്രണവ് വാങ്ങിക്കൊണ്ടുപോയി. പരീക്ഷയ്ക്ക്ശേഷം തിരിച്ചേൽപ്പിച്ചെങ്കിലും ഫോൺ പിന്നീട് നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ പറയുന്നത്. എന്നാൽ ഇത് പൊലീസ് വിശ്വസിക്കുന്നില്ല. പരീക്ഷാതട്ടിപ്പിൽ നിർണായക തെളിവുകൾ അവശേഷിക്കുന്ന ഫോൺ നഷ്ടപ്പെട്ടെന്ന ഗോകുലിന്റെ മൊഴി കളവാണെന്ന് കരുതുന്ന ക്രൈംബ്രാഞ്ച് സംഘം ഗോകുലുമായി കല്ലറയിലെ വീട്ടിലും പരീക്ഷാതട്ടിപ്പ് പുറത്താകുംമുമ്പ് ഇവർ സ്ഥിരമായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലും എത്തിച്ച് തെളിവെടുക്കും. അതോടൊപ്പം പ്രണവിനെയും സഫീറിനെയും പിടികൂടാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇവർ കൂടി പിടിയിലാകുന്നതോടെ കേസിന്റെ ചിത്രം കൂടുതൽ വ്യക്തമാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
പരീക്ഷാക്രമക്കേടിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ തുടരുന്ന ഗോകുൽ പൊലീസ് ശൈലിയിലാണ് ചോദ്യങ്ങളോട് പ്രതികരിക്കുന്നത്. പല ചോദ്യങ്ങളും നിഷേധിച്ചും കളവ് പറഞ്ഞും അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഗോകുൽ പൊലീസ് കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ച പരീക്ഷയുടെ ഉത്തരക്കടലാസും അന്വേഷണ സംഘം പരിശോധിക്കും. ഗോകുലിന്റെ കോൾവിശദാംശങ്ങൾ സൈബർ സെല്ലിൽ നിന്ന് ഇന്ന് കൈമാറുന്നതോടെ തട്ടിപ്പിന്റെ ചുരുളഴിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.