ബാലരാമപുരം: റസ്സൽപുരം യു.പി സ്കൂളിലെ പാചകപ്പുരയോട് ചേർന്നുള്ള കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണു. കഴിഞ്ഞദിവസം പെയ്ത മഴയെത്തുടർന്നാണ് മതിൽ നിലം പൊത്തിയത്. സ്കൂളിലെ കമ്പ്യൂട്ടർ ലാബ് കെട്ടിടം സ്ഥിതിചെയ്യുന്നതും ഈ മതിലിനോട് ചേർന്നാണ്. മതിൽ വീണത് രാത്രിയായതിനാൽ ആർക്കും അപകടം ഉണ്ടായില്ല. എന്നാൽ മതിൽ വീണതോടെ ഈ വഴി സാമൂഹികവിരുദ്ധരുടെ ശല്യം സ്കൂളിനുണ്ടാകുമെന്ന ഭീതിയിലാണ് ജീവനക്കാർ. എന്നാൽ മതിൽ പണിതിട്ട് പത്ത് വർഷം പോലും ആയിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. നിർമ്മാണത്തിലെ അപാകതകളാണ് മതിൽ ഇടിഞ്ഞുവീഴാൻ കാരണമെന്നും ആരോപണമുണ്ട്. മതിൽ ഇടിഞ്ഞുവീണ വിവരം അധികൃതർ മാറനല്ലൂർ പഞ്ചായത്തിലെ അറിയിച്ചിട്ടുണ്ട്. മതിൽ പു:നർ നിർമ്മിക്കാൻ ഫണ്ട് അനുവദിക്കണമെന്നും പഞ്ചായത്തിനോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.