ബ്രസീലിയ: മനുഷ്യന്റെ പല്ലുകൾ പോലെ പല്ലുള്ള ഒരു നായയുടെ ചിത്രം കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. നിമഷങ്ങൾക്കകം സംഗതി വൈറലായി. എന്താ സംഭവമെന്ന് ആർക്കും മനസിലായില്ല. അവസാനമാണ് കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടിയത്. അമ്മൂമ്മയുടെ വയ്പ്പുപല്ല് അടിച്ചുമാറ്റിയ നായയുടെ ചിത്രമായിരുന്നു അത്.
ബ്രസീലിലായിരുന്നു സംഭവം. ലൂണ എന്നാണ് നായയുടെ പേര്. വയ്പ്പുപല്ലിന്റെ ഉടമസ്ഥയായ മുത്തശ്ശിയുടെ കൊച്ചുമകൾ അന്നയുടെ അരുമയാണ് ലൂണ. ബ്രസീലിലെ ഒരു തെരുവിൽ നിന്ന് ദത്തെടുക്കുകയായിരുന്നു.കഴിഞ്ഞ ദിവസം അന്ന മുത്തശ്ശിയെ കാണാൻ പോയി. ഒപ്പം ലൂണയെയും കൂട്ടി .
മുത്തശ്ശിയുടെ വീട്ടിൽ വെറുയേതേയിരുന്ന് ബോറടിച്ചപ്പോൾ ഷോപ്പിംഗിന് പോകാൻ അന്ന തീരുമാനിച്ചു. ലൂണയെ മുത്തശ്ശിയുടെ അടുത്ത് ഏൽപ്പിച്ചശേഷമായിരുന്നു ഷോപ്പിംഗിന് പോയത്. പിന്നാലെ മുത്തശ്ശി ഉറങ്ങാനും പോയി. വയ്പ്പ് പല്ല് ഊരി തലയണയുടെ അടുത്ത് വച്ചശേഷമായിരുന്നു ഉറക്കം. ലൂണ ഇതെല്ലാം കണ്ടു നിൽക്കുന്നുണ്ടായിരുന്നു.
കുറച്ചുസമയം കഴിഞ്ഞ മുത്തശ്ശി കിടക്കയിൽ നിന്നെഴുന്നേറ്റു. വയ്പ്പ് പല്ലെടുക്കാൻ നോക്കിയപ്പോൾ വച്ചിടത്ത് കാണുന്നില്ല. വീടാകെ അരിച്ചുപെറുക്കി. പക്ഷേ, നോരക്ഷ. ലൂണ പല്ല് അടിച്ചുമാറ്റി വിഴുങ്ങിയിരിക്കും എന്നുതന്നെ എല്ലാവരും കരുതി. കിടക്കയ്ക്ക് സമീപമുള്ള സെറ്റിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലിരിക്കുന്ന ലൂണയുടെ വായിലേക്ക് അന്ന വെറുതേ നോക്കിയതാണ്. അവന്റെ വായ്ക്കുള്ളിൽ വയ്പ്പുപല്ലുപോലുള്ള എന്തോ ഒന്നിരിക്കുന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ അത് മുത്തശ്ശിയുടെ പല്ലാണെന്ന് പിടികിട്ടി. മനുഷ്യർ വയ്ക്കുംപോലെയായിരുന്നു ലൂണ പല്ല് തന്റെ വായ്ക്കുള്ളിൽ വച്ചിരുന്നത്. ഇതിന്റെ ചിത്രമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.