ragahavan
രാഘവൻ സ്‌പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം

തിരുവനന്തപുരം: ആടിയ പാദവും പാടിയ വായും മാത്രമല്ല,​ കാൻവാസിൽ നിറക്കൂട്ടൊരുക്കുന്ന വിരലുകളും എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. 76 വയസുള്ള ജി.രാഘവൻ മാഷിന്റെ ജീവിതം അതാണ് ഓർമ്മിപ്പിക്കുന്നത്. മാനസികവൈകല്യമുള്ള കുട്ടികളെ ചിത്രരചന പഠിപ്പിച്ചാണ് രാഘവൻ മാഷ്‌ തന്റെ കലാപ്രവർത്തനത്തിന് നിറംപകരുന്നത്.

ചിത്രകലാ അദ്ധ്യാപകനായിരുന്ന അദ്ദേഹം 1999ൽ പരുത്തിപ്പള്ളി വി.എച്ച്.എസ്.എസിൽ നിന്ന് വിരമിച്ചതുമുതൽ മാനസിക - ശാരീരിക വൈഷമ്യങ്ങളുള്ളവർക്കായി കുറ്റിച്ചലിലെ എസ്.ജി സ്‌പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെ ചിത്രകല പഠിപ്പിക്കുകയാണ് നയാപ്പൈസ പ്രതിഫലമില്ലാതെ. സ്‌പെഷ്യൽ സ്കൂളായതിനാൽതന്നെ സാധാരണ വിദ്യാർത്ഥികളെ പോലെ പെട്ടെന്ന് ചിത്രകലയുടെ ബാലപാഠങ്ങൾ ഗ്രഹിക്കാനാകില്ല. നാല് വയസുള്ള കുട്ടികൾ മുതൽ 40 വയസുള്ളവർ വരെ ഇവിടെ പഠിക്കുന്നുണ്ട്. വീടിന്റെ ഒരു ഭാഗം മിനി സ്കൂളാക്കി അവിടെയും കുട്ടികളെ ചിത്രകല പരിശീലിപ്പിക്കുന്നുമുണ്ട്. എൽ.കെ.ജി മുതൽ പ്ളസ് ടു വരെയുള്ള അമ്പതിലേറെ കുട്ടികൾ ശനി,​ ഞായർ ദിവസങ്ങളിലായി വീട്ടിൽ പഠിക്കാനെത്തുന്നു. കൊടുക്കുന്നത് വാങ്ങുമെന്നല്ലാതെ ആരോടും ഫീസ് ചോദിക്കാറില്ല. 1996ൽ ഗുരുശ്രേഷ്ഠ അവാർഡ് നേടിയ രാഘവൻ ഫോട്ടോഗ്രഫിയിലും വിദഗ്ദ്ധനാണ്.

മക്കളായ ആർ.ആ‍ർ.റീന,​ ആർ.ആർ.രനിത എന്നിവരും ചിത്രകലയിൽ പ്രാവീണ്യം നേടിയവരാണ്. മൂത്തമകൾ റീന ടെക്നോപാർക്കിൽ ഗ്രാഫിക് ഡിസൈനറാണ്. എം.എഫ്.എ ബിരുദധാരിയായ ഇളയമകൾ രനിത ഖത്തറിലെ ഇന്ത്യൻ സ്കൂളിൽ ചിത്രകലാ അദ്ധ്യാപികയാണ്. വീട്ടമ്മയായ എം.രാധയാണ് ഭാര്യ.