ബീജിംഗ്: നാൽപ്പതുകിലോയിലേറെ ഭാരമുള്ള ആടിനെ പെരുമ്പാമ്പ് ഓന്നോടെ വിഴുങ്ങി.തെക്കുകിഴക്കൻ ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിലുള്ള ക്വാങ്ഷു ഗ്രാമത്തിലാണ് സംഭവം നടന്നത്. കർഷകനായ യാവോയുടെ ആടിനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. കാണാതായ ആടിനെ തിരയുന്നതിനിടയിൽ ഫാമിനു സമീപമുള്ള കുന്നിൻ ചെരുവിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
നാലടിയോളം നീളമുള്ള പാമ്പിനെ കണ്ടെത്തുമ്പോൾ ഇതിന്റെ വയർ അസാധാരണമാം വിധം വീർത്തിരുന്നു. ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഇവർ പെരുമ്പാമ്പിനെ ഛർദ്ദിപ്പിച്ചു. ഈ വർഷം ആദ്യം മുതൽ ഇതുവരെ തന്റെ 20 ആടുകളെ കാണാതായിരുന്നു എന്നാണ് യാവോ പറയുന്നത്.
പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ താൽക്കാലിക മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ചൈനയിൽ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവികളാണ് പെരുമ്പാമ്പുകൾ.