ദുബായ്: വീട്ടിൽ വണ്ടി പാർക്കുചെയ്യുന്നതിനെച്ചൊല്ലി വിദേശിയുടെ ഭാര്യമാർ തമ്മിലടിച്ചു. ദുബായിലാണ് സംഭവം. കേസ് കോടതിയിലെത്തിയതോടെ ഒരു ഭാര്യയ്ക്ക് കോടതി മൂന്നുമാസത്തെ ശിക്ഷവിധിച്ചു. എഴുപ്പത്തഞ്ചുകാരന്റെ ഭാര്യമാരാണ് തമ്മിലടിച്ചത്.
കോംറോസ് ദ്വീപുകാരനായ ബിസിനസുകാരന്റെ മുപ്പത്തിയേഴും ഇരുപത്തഞ്ചും വയസുള്ള ഭാര്യമാരാണ് തമ്മിലടിച്ചത്. ഒരുവീട്ടിൽ കഴിയുന്ന ഇരുവരും തമ്മിൽ നേരത്തേതന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. പലപ്പോഴും ഇവർ തമ്മിൽ അടിയുടെ വക്കോളമെത്തിയിരുന്നു.
പാർക്കിംഗ് ഏരിയയിൽ തന്റെ കാർ പാർക്കുചെയ്യാൻ മൂത്തഭാര്യയുടെ കാർ മാറ്റിത്തരമെന്ന് ഇരുപത്തഞ്ചുകാരി ആവശ്യപ്പെട്ടു. എന്നാൽ മൂത്തഭാര്യ തയ്യാറായില്ല. കാർ എത്രയുംപെട്ടെന്ന് മാറ്റിയിട്ടില്ലെങ്കിൽ കത്തിക്കുമെന്ന ഭീഷണിയുമായി ഇരുപത്തഞ്ചുകാരി വീണ്ടുമെത്തി. ഇതിനെച്ചൊല്ലിയുള്ള ഉടക്കാണ് അടിപിടിയിലെത്തിയത്. മൂത്തഭാര്യയാണ് പൊലീസിനെ സമീപിച്ചത്. തന്നെ മർദ്ദിച്ചുവെന്നാരോപിച്ച് ഇരുപത്തഞ്ചുകാരിയും പൊലീസിനെ സമീപ്പിച്ചിട്ടുണ്ട്. ഇൗ കേസിന്റെ വിചാരണ നടക്കുകയാണ്.