തിരുവനന്തപുരം: ശ്രീജിവിന്റെ മരണം കൊലപാതകമാണെന്നും സി.ബി.ഐ അന്വേഷണ റിപ്പോർട്ട് തെറ്റാണെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്ത് പറഞ്ഞു. പൊലീസ് കംപ്ലെയിന്റ് അതോറിട്ടി കസ്റ്റഡി മരണമാണെന്ന് കണ്ടെത്തിയ കേസാണ് ഇപ്പോൾ സി.ബി.ഐ ആത്മഹത്യ എന്ന് പറയുന്നത്. സി.ബി.ഐ റിപ്പോർട്ടിൽ ഒത്തുകളി നടന്നിട്ടുണ്ട്. കേസ് വർഷങ്ങളോളം നീട്ടി സർക്കാരും അന്വേഷണ സംഘവും തന്നെ ചൂഷണം ചെയ്യുകയായിരുന്നു. കേസ് സുപ്രീം കോടതിയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയവർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിട്ടുണ്ട്. സി.ബി.ഐ റിപ്പോർട്ടിന്റെ കോപ്പി ഇതുവരെ ലഭിച്ചിട്ടില്ലെന്നും കേസിൽ ഡോക്ടർമാരും പൊലീസും ഉൾപ്പെട്ടതിനാൽ കൊലപാതകം ആത്മഹത്യയാക്കാൻ കൃത്രിമ രേഖകൾ തയ്യാറാക്കിയിട്ടുണ്ടാകാമെന്നും സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.