രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമാണിമാരും ചേർന്ന് പൊതുഖജനാവിലെ പണം ആസൂത്രിതമായി അടിച്ചുമാറ്റിയതിന്റെ ക്ളാസിക് ഉദാഹരണങ്ങളിലൊന്നാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം വാർത്തയിൽ വീണ്ടും കടന്നെത്തിയിരിക്കുന്ന ടൈറ്റാനിയം അഴിമതിക്കേസ്. തലസ്ഥാനത്തുള്ള ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ മലിനജല പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ മറവിൽ നടന്ന 86 കോടി രൂപയുടെ അഴിമതി അന്വേഷിക്കാൻ സി.ബി.ഐയെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.
ടൈറ്റാനിയം ഫാക്ടറി സൃഷ്ടിക്കുന്ന ഗുരുതരമായ മലിനീകരണത്തിനെതിരെ നാട്ടുകാരുടെ ശബ്ദം നിരന്തരം ഉയർന്നപ്പോഴാണ് മലിനീകരണ നിയന്ത്രണത്തിനുള്ള ശുദ്ധീകരണ പ്ളാന്റ് അനിവാര്യമായിത്തീർന്നത്. ഈ അവസരം സ്വാർത്ഥ ലാഭത്തിനായി മാറ്റിയെടുക്കാമെന്ന് അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ കച്ചവടക്കണ്ണ് കണ്ടെത്തിയതോടെയാണ് തീവെട്ടിക്കൊള്ളയുടെ വാതിലുകൾ ഒന്നൊന്നായി തുറന്നത്. 2006-ൽ വാർഷിക വിറ്റുവരവ് 120 കോടി രൂപയിൽ ഒതുങ്ങി നിന്ന ഘട്ടത്തിലാണ് വേണ്ടത്ര ആലോചനയോ കണക്കുകൂട്ടലോ ഇല്ലാതെ 256 കോടി രൂപ ചെലവ് വരുന്ന മലിനീകരണ നിയന്ത്രണ പ്ളാന്റ് സ്ഥാപിക്കാൻ ടൈറ്റാനിയം കമ്പനി ഇറങ്ങിപ്പുറപ്പെട്ടത്. ഒറ്റനോട്ടത്തിൽത്തന്നെ ഏതു കണ്ണുപൊട്ടനും മനസിലാക്കാവുന്നതായിരുന്നു ഈ ഇടപാടിലൂടെ കമ്പനിക്കുണ്ടാകാനിടയുള്ള ഭീമമായ നഷ്ടം. എന്നാൽ ഡയറക്ടർ ബോർഡോ അവരെ തിരുത്താൻ ചുമതലയുള്ള വ്യവസായ വകുപ്പോ സദുപദേശമൊന്നും നൽകിയില്ല. മാത്രമല്ല നിയമവും ചട്ടവുമൊക്കെ കാറ്റിൽ പറത്തി മലവെള്ളം പോലെ ഖജനാവിൽ നിന്ന് കോടാനുകോടികൾ കരാർ കമ്പനിക്കും യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിനും വേണ്ടി അനുവദിക്കുകയാണുണ്ടായത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തു നടന്ന ഈ ഇടപാടിലെ അഴിമതി അന്നേ ബോദ്ധ്യപ്പെട്ടിരുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ പതിവിൻപടി വിജിലൻസ് അന്വേഷണത്തിനു വിട്ട് സർക്കാർ കൈകഴുകി. അതും ഹൈക്കോടതി ഇടപെടലിലൂടെയാണു നടന്നത്. മലിനീകരണ നിയന്ത്രണ പ്ലാന്റ് രണ്ടുഘട്ടമായി നടപ്പാക്കാനാണ് പദ്ധതി തയാറാക്കിയത്. ആദ്യ ഘട്ടത്തിൽത്തന്നെ പദ്ധതിക്കു പിന്നിലെ അഴിമതിയെക്കുറിച്ച് സി.എ.ജിയുടെ കണ്ടെത്തൽ പുറത്തുവന്നു. ഇതോടൊപ്പം നടന്ന വിജിലൻസ് അന്വേഷണത്തിലാകട്ടെ ഒന്നും കണ്ടെത്താനുമായില്ല. മന്ത്രിയും ഘടകകക്ഷി നേതൃത്വവുമൊക്കെ ഇടപാടിൽ പങ്കാളികളായ കേസിൽ വിജിലൻസിന് ഇതല്ലാതെ വഴിയില്ലായിരുന്നു എന്നു കരുതുന്നതാകും ശരി. രാഷ്ട്രീയ നേതൃത്വത്തെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതി തള്ളുകയാണുണ്ടായത്. കോടതി പലവട്ടം ഇടപെട്ടിട്ടും അന്വേഷണം നീണ്ടുപോയതല്ലാതെ ഒരു ഫലവുമുണ്ടായില്ല. ടൈറ്റാനിയം അഴിമതിയെന്ന പേരിൽ കുപ്രസിദ്ധി നേടിയ ഈ കേസ് സി.ബി.ഐക്ക് വിടാൻ ഇപ്പോഴത്തെ മന്ത്രിസഭ തീരുമാനമെടുത്തതിന്റെ പശ്ചാത്തലമാണ് മുകളിൽ പറഞ്ഞത്.
പ്ളാന്റ് സ്ഥാപിക്കുന്നതിന് നടപടി തുടങ്ങും മുമ്പു തന്നെ കരാറുകാർക്ക് 109 കോടി രൂപ അനുവദിക്കുകയുണ്ടായി. അവസാന ഘട്ടത്തിൽ മാത്രം ഇറക്കുമതി ചെയ്യേണ്ട യന്ത്രസാമഗ്രികൾക്കായി തൊണ്ണൂറു കോടിയോളം രൂപ അനുവദിച്ചതിലും ക്രമക്കേടും അഴിമതിയും കാണാം. ഈ യന്ത്രസാമഗ്രികൾ പായ്ക്കിംഗ് പോലും പൊട്ടിക്കാത്ത നിലയിൽ കമ്പനി വളപ്പിൽ വർഷങ്ങളോളം കിടന്ന് ഉപയോഗശൂന്യമായി. 256 കോടിയുടെ പ്ളാന്റ് നടപ്പാകാതെ പോയത് ഒരുവിധത്തിൽ വലിയ ബാദ്ധ്യതയിൽ നിന്ന് കമ്പനിയെ രക്ഷിച്ചു എന്നു പറയാം. കാരണം പ്ളാന്റ് നിലവിൽ വന്നിരുന്നെങ്കിൽ കമ്പനിക്ക് പ്രതിവർഷം 70 കോടി രൂപയുടെ നഷ്ടം നേരിടുമായിരുന്നു എന്നാണ് സി.എ.ജി കണ്ടെത്തൽ. എത്ര ലാഘവത്തോടെയാണ് ചുമതലപ്പെട്ടവർ മുൻപിൻ ആലോചിക്കാതെ ഈ സംരംഭത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നറിയാൻ അഴിമതിക്കേസിന്റെ നാൾവഴി പരിശോധിച്ചാൽ മതി.
പൊതുമേഖലയിലെ ഏതു വമ്പൻ ഇടപാടുകൾക്കു പിന്നിലും കാണും ഏതെങ്കിലും വിധത്തിലുള്ള അഴിമതിയും ക്രമക്കേടും. അധികാരത്തിലിരിക്കുന്ന കക്ഷികൾ സ്വന്തം സമ്പാദ്യം പുഷ്ടിപ്പെടുത്താനും പാർട്ടി നിധി വിപുലീകരിക്കുന്നതിനും ആശ്രയിക്കുന്നത് ഇത്തരം വമ്പൻ ഇടപാടുകളെയാണ്. ഇക്കാര്യത്തിൽ കക്ഷിഭേദമൊന്നുമില്ല. പതിമൂന്നു വർഷം മുൻപ് അരങ്ങേറിയ വലിയൊരു തീവെട്ടിക്കൊള്ള ഇത്രകാലമായിട്ടും സമാപ്തിയിലെത്താതെ പോയതിനു പിന്നിലുമുണ്ട് ആസൂത്രിതമായ വൈകിപ്പിക്കൽ തന്ത്രങ്ങൾ. അന്വേഷണം ഇനി സി.ബി.ഐ ഏറ്റെടുത്താലും പൂർത്തിയാക്കാൻ സമയമെടുക്കും. എന്നാലും സത്യം കണ്ടെത്തി അഴിമതി വീരന്മാരെ ഒന്നാകെ നീതിപീഠത്തിനു മുമ്പിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസിക്കു കഴിയുമെന്ന പ്രതീക്ഷയാണു പൊതുവേ ഉള്ളത്. ജനത്തിന്റെ നികുതിപ്പണം ഒരു സംഘം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമാണിമാരും ചേർന്ന് പങ്കുവച്ചു കൊണ്ടുപോകുന്ന പകൽക്കൊള്ളയ്ക്ക് ഇതുകൊണ്ട് അറുതിയാകുമെന്ന പ്രതീക്ഷയൊന്നുമില്ല. എങ്കിലും കുറ്റവാളികളിൽ കുറച്ചെണ്ണത്തിനെയെങ്കിലും ജനമദ്ധ്യത്തിൽ കൊണ്ടുനിറുത്തി അവരുടെ തനിരൂപം കാട്ടാൻ അന്വേഷണത്തിലൂടെ സാധിച്ചാൽ വലിയ സന്ദേശമാകും അതു നൽകാൻ പോകുന്നത്.
രാഷ്ട്രീയത്തിന്റെ മറവിൽ നടക്കുന്ന അഴിമതികൾ പലപ്പോഴും ഗോപ്യമായിരിക്കുകയാണു പതിവ്. അതിൽ ഉൾപ്പെട്ടിട്ടുള്ളവർ വലിയ സ്വാധീനവും പിടിപാടുമുള്ളവരാകുമ്പോൾ കേസ് ഏതുവഴിക്കും തിരിച്ചുവിടാനും തെളിവുകൾ ഇല്ലാതാക്കാനും പ്രയാസമൊന്നുമില്ല. വലിയ രീതിയിൽ നിയമസഹായം തേടാനും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപെടാനും എളുപ്പമാണ്. ഏതായാലും ടൈറ്റാനിയം ഫാക്ടറിയെ കുത്തുപാളയെടുപ്പിക്കാൻ പോന്ന മലിനീകരണ നിയന്ത്രണ പ്ലാന്റ് കുംഭകോണത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തേണ്ടത് വളരെ ആവശ്യമാണ്. സി.ബി.ഐ ആ വലിയ ദൗത്യം നിറവേറ്റുകതന്നെ വേണം.