ad-s-shajahan

കല്ലമ്പലം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എസ്.ഷാജഹാൻ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഇ.റിഹാസിനെ പിന്നിലാക്കി 1921 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഷാജഹാൻ 13406 വോട്ട് നേടിയപ്പോൾ ഇ. റിഹാസ് 11485 വോട്ടുകൾ നേടി. എൻ.ഡി.എ സ്ഥാനാർത്ഥി തോട്ടയ്ക്കാട് ശശി 7361 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായി. സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച ഷാജഹാൻ 494 ഉം ഫിറോസ്‌ കാവേലി 256 ഉം വോട്ടുകളും നേടി. പോൾ ചെയ്ത വോട്ട് 33002. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ഒറ്റൂർ പഞ്ചായത്തിലും കുറവ് വെട്ടൂർ പഞ്ചായത്തിലുമാണ്. വെട്ടൂർ, മണമ്പൂർ പഞ്ചായത്തുകൾ മുഴുവനും ഒറ്റൂരിലെ ഒൻപതും, ചെറുന്നിയൂരിലെ പന്ത്രണ്ടും, കരവാരത്തെ അഞ്ചും, നാവായിക്കുളത്തെ നാലും ചേർന്ന് 60 വാർഡുകളാണ് മണമ്പൂർ ഡിവിഷനിൽ. ആകെ 64687 വോട്ടർമാരുള്ളതിൽ 36055 സ്ത്രീകളും, 28632 പുരുഷ വോട്ടർമാരുമാണ്. 105 ബൂത്തുകളാണ് വോട്ടിംഗിന് സജ്ജീകരിച്ചിരുന്നത്. കലാശക്കൊട്ടിൽ അക്രമം നടന്നതിനെ തുടർന്ന് വൻ പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്. ഇന്നലെ രാവിലെ 10ന് വർക്കല എസ്.എൻ കോളേജിലാണ് വോട്ടെണ്ണൽ നടന്നത്. ഉച്ചയ്ക്ക് മുമ്പ് തന്നെ ഫലം അറിയാൻ കഴിഞ്ഞു. സി.പി.എമ്മിലെ എസ്. കൃഷ്ണൻകുട്ടിയുടെ നിര്യാണത്തെ തുടർന്നാണ്‌ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലാപഞ്ചായത്തിലെ നിലവിലെ കക്ഷിനില ആകെ 26. എൽ.ഡി.എഫ് 19, യു.ഡി.എഫ് 6, ബി.ജെ.പി 1.