പാറശാല: ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ മര്യാപുരം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി 255 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ വി.എസ്.ഡി.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച തോമസിനോട് വെറും 61 വോട്ടിന് പരാജയപ്പെട്ട സാംരാജ് ആണ് ഇപ്പോൾ വിജയിച്ചത്. ആകെയുള്ള 1477 വോട്ടർമാരിൽ 1093 പേർ വോട്ടു ചെയ്തു. ഇതിൽ കോൺഗ്രസ് സ്ഥാനാർത്ഥി സാംരാജിന് 685 വോട്ട് ലഭിച്ചു. എതിർ സ്ഥാനാർത്ഥികളായിരുന്ന എൽ.ഡി.എഫിന്റെ സി.പി.ഐ പ്രതിനിധി തച്ചക്കുടി ഷാജിക്ക് 155 വോട്ടും, എൻ.ഡി.എ സ്ഥാനാർത്ഥി ഫ്രാൻസിസിന് 23 വോട്ടും, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച കൃഷ്ണകുമാറിന് 230 വോട്ടും ലഭിച്ചു. എൽ.ഡി.എഫിലെ തോമസിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. വി.എസ്.ഡി.പി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച തോമസ് പിന്നീട് സി.പി.എമ്മിൽ ചേരുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിലൂടെ ഭരണപക്ഷമായ എൽ.ഡി.എഫ് അംഗങ്ങളുടെ എണ്ണം 9ൽ നിന്നു 8 ആയി. കോൺഗ്രസിന് 9 ആയി കൂടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ജയറാം പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയതോടെ കോൺഗ്രസിന്റെ അംഗസംഖ്യ പത്തായി. മറ്റൊരു സ്വതന്ത്രയായ രാധ എൽ.ഡി.എഫ് പക്ഷത്തായതിനാൽ, ഭരണം നടത്തുന്ന മുന്നണിയുടെ അംഗസംഖ്യ 9 മാത്രമാണ്. ബി.ജെ.പി അംഗങ്ങളുടെ നിലപാട് അനുസരിച്ചായിരിക്കും ചെങ്കൽ പഞ്ചായത്തിൽ ഭരണമാറ്റം വേണമോ എന്ന് തീരുമാനിക്കുക. കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ ഉദിയൻകുളങ്ങരയിൽ ആഹ്ലാദ പ്രകടനം നടത്തി. ചെങ്കൽ പഞ്ചായത്ത് പടിക്കൽ നടന്ന യോഗത്തിൽ അഡ്വ.രഞ്ജിത്‌സിംഗ്, വട്ടവിള വിജയൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, ആറയൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റ് വിൻസെന്റ്, അജിത്കുമാർ, ജയറാം തുടങ്ങിയവർ സംസാരിച്ചു.