dam

കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർഡാമിലെ പൊലീസ് ക്വാർട്ടേഴ്സ് അപകടാവസ്ഥയിൽ. രണ്ട് ദശാബ്ദം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടമാണിത്. യഥാസമയം കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് കെട്ടിടം ഇപ്പോഴത്തെ നിലയിലാകാൻ കാരണം. മാത്രമല്ല പൊലീസ് സ്റ്റേഷൻ പരിസരം കാടുകയറി തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറി.

നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ഇവർക്ക് സംരക്ഷണം ലഭിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇവിടെ പൊലീസ് സ്റ്റേഷൻ ആരംഭിച്ചതു തന്നെ. ഇതോടനുബന്ധിച്ചാണ് ജീവനക്കാർക്ക് വിശ്രമിക്കാൻ ക്വാർട്ടേഴ്സും പണിതത്. നിരവധി തവണ കെട്ടിടം അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. എന്നാലിപ്പോൾ കെട്ടിത്തിന്റെ നവീകരണം നടത്താൻ കഴിയാത്ത വിധത്തിൽ തകർന്നു. ഇനി പുതിയ കെട്ടിടം നിമ്മിച്ചാലേ ഇവിടത്തെ ജീവനക്കാർക്ക് വിശ്രമിക്കാൻ കഴിയൂ.

ഈ പ്രശ്നങ്ങൾക്കിടെ നെയ്യാർഡാമിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും സംരക്ഷണം നൽകേണ്ടിവരുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്റ്റേഷൻ പരിധിയിലുള്ള പഞ്ചായത്തുകളിൽ നിരന്തരമായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളാണ്. രാപകലില്ലാതെ പണിയടുക്കുന്ന ജീവനക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യം നിറവേറ്റുന്നതിന് പോലും സൗകര്യമില്ലാത്ത സ്ഥിയിലാണ്. മാത്രമല്ല മഴക്കാലത്ത് സ്റ്റേഷനിലേക്ക് കടക്കാൻ കഴിയാത്ത വിധം സ്റ്റേഷന് മുന്നിൽ വെള്ളക്കെട്ടാകും. റോഡിലെ ഓടകൾ അടഞ്ഞതോടെ റോഡിലൂടെ ഒഴുകിവരുന്നവെള്ളവും സ്റ്റേഷന്‍ മുന്നിലാണ് കെട്ടിക്കിടക്കുന്നത്. ഇതുകാരണം മഴക്കാലത്ത് പൊലീസുകാർക്ക് പുറത്തിറങ്ങാനോ പരാതിക്കാർക്ക് സ്റ്റേഷനുള്ളിൽ പ്രവേശിക്കാനോ ബുദ്ധിമുട്ടാണ്. സ്റ്റേഷന് മുന്നിലെ ഓട തെളിക്കുകയോ റോഡിന് കുറുകേ കലുങ്ക് പണിത് വെള്ളം ചാനലിലേക്ക് ഒഴുക്കിവിടാനോ സൗകര്യമുണ്ടാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

കെട്ടിടം ചോർന്നൊലിച്ച് അപകടാവസ്ഥയിലായതോടെ പൊലീസ് ഉദ്യോഗസ്ഥർ ഇവിടത്തെ താമസവും വിശ്രമവും അവസാനിപ്പിച്ചു. കെട്ടിടത്തിന്റെ പലഭാഗങ്ങളും അടർന്നു വീഴാൻ തുടങ്ങിയതോടെയാണ് ഉദ്യഗസ്ഥർ ജീവൻ ഭയന്ന് ക്വാർട്ടേഴ്സ് പൂർണമായും ഉപേക്ഷിച്ചത്.